അതിഥി തൊഴിലാളികള്‍ക്കായി 500 ബസുകള്‍ ഒരുക്കി പ്രിയങ്ക ഗാന്ധി; നേരില്‍ ചെന്ന് കണ്ടും സഹായം കൈമാറിയും രാഹുല്‍ ഗാന്ധി, നന്ദി അറിയിച്ച് തൊഴിലാളികള്‍

 

ഏതുവിധേനെയും വീടണയാനായുള്ള പെടാപാടിലാണ് അതിഥി തൊഴിലാളികള്‍. നാടുകളിലേക്കുള്ള യാത്രക്കിടെ റോഡ് അപകടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ദുരിതമനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കരുതലേകുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും.

അതിഥി തൊഴിലാളികളുടെ യാത്രക്കായി ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലകളിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ 500 ബസുകളാണ് ഒരുക്കിയിരിക്കുന്നത്. യുപിയില്‍ നിന്നും 1000 ബസുകള്‍ ഏര്‍പ്പെടുത്താമെന്നും ചെലവ് വഹിക്കാന്‍ തയ്യാറാണെന്നും കാണിച്ച് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരത്തെ കത്ത് നല്‍കിയിരുന്നു. രാജ്യം കെട്ടിപ്പടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നവരെ ദുരിതകാലത്ത് കൈയ്യെഴിയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി തെരുവുകളിലെത്തി അതിഥി തൊഴിലാളികളുമായി നേരിട്ട് സംവദിക്കുകയും അവര്‍ക്കാവശ്യമായ സഹായവും കൈമാറിയിരുന്നു.  നാട്ടിലേക്ക് പോകാനായി വാഹനവും, ഭക്ഷണവും വെള്ളവും മാസ്കുമെല്ലാം രാഹുല്‍ നല്‍കിയെന്നും തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രധാനമന്ത്രി പുനഃപരിശോധന നടത്തണമെന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിട്ട് പണം കൈമാറണമെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ കുടിയേറ്റ തൊഴിലാളികള്‍ റോഡിലിറങ്ങി നടക്കുമ്പോള്‍ അവര്‍ക്ക് വായ്പ നല്‍കാമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പോക്കറ്റിലേക്ക് പണമാണ് നല്‍കേണ്ടതെന്നുമാണ് രാഹുല്‍ പറഞ്ഞത്.

 

Comments (0)
Add Comment