
ദുർബല ഗോത്ര വിഭാഗങ്ങൾക്ക് 2006-ലെ വനാവകാശ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി കത്തയച്ചു. പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യത്തിന്, ഈ നിയമപ്രകാരമുള്ള അവകാശങ്ങൾ ഇവർക്ക് ഇതുവരെ അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ഗോത്ര വിഭാഗങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക രീതികളെ അംഗീകരിക്കുന്നതാണ് 2006-ലെ വനാവകാശ നിയമമെന്നും അത് നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കത്തിൽ പറയുന്നു.
ആവാസവ്യവസ്ഥയിലുള്ള അവകാശം അംഗീകരിക്കുന്നത് ഭൂമിയിലുള്ള അവകാശം സ്ഥിരീകരിക്കുന്നതിന് മാത്രമല്ല, അവരുടെ സാംസ്കാരിക രീതികളും പരമ്പരാഗത ഉപജീവന മാർഗ്ഗങ്ങളും സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് എംപി വ്യക്തമാക്കി. ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഗോത്ര ജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്ര സർക്കാരിന്റെ മറുപടി ഉദ്ധരിച്ച് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
നിലമ്പൂരിലെ ചോലനായ്ക്കർ കോളനി സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങളും കത്തിൽ പങ്കുവെക്കുന്നുണ്ട്. പ്രകൃതിയോടുള്ള അവരുടെ ആദരവും സമത്വ മനോഭാവവും വനത്തിലെ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവും പൊതുസമൂഹത്തിന് വലിയൊരു പാഠമാണെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ വനം കയ്യേറ്റം, വനനശീകരണം, വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം എന്നിവ ചോലനായ്ക്കരുടെ പരമ്പരാഗത ജീവിതത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഗോത്ര വിഭാഗങ്ങൾക്കിടയിൽ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം ഇല്ലാത്തതാണ് സർക്കാർ പദ്ധതികൾ പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്താതിരിക്കാൻ കാരണമെന്ന് പ്രിയങ്ക ഗാന്ധി നിരീക്ഷിച്ചു. അതിനാൽ ഈ വിഭാഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടികളും അവബോധന ക്ലാസുകളും സംഘടിപ്പിക്കണമെന്നും അവരുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.