ഭഗവാന്‍റെ കാണിക്കയെ ധൂർത്തടിച്ചത് പാപം ; വിശ്വാസികളെ അപമാനിക്കുന്നു ; രാമക്ഷേത്ര ട്രസ്റ്റിനെതിരെ പ്രിയങ്ക ഗാന്ധി

രാമക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിൽ വൻക്രമക്കേട് നടന്നുവെന്ന ആരോപണമുയരവെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. കോടിക്കണക്കിനുവരുന്ന ജനങ്ങൾ ഭഗവാന്‍റെ കാൽക്കൽ കാണിക്കയായി പണം നൽകിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയിൽ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ്, ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.

ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്.

 

Comments (0)
Add Comment