‘രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ എങ്ങനെയാണ് മോദിക്ക് മാമ്പഴം കഴിക്കാന്‍ തോന്നുന്നത്’: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മാമ്പഴം ഇഷ്ടമാണ് എന്ന് പറഞ്ഞതിനെയാണ് പ്രിയങ്ക കുറ്റപ്പെടുത്തിയത്. രാജ്യത്ത് ഇതിനേക്കാള്‍ അതീവ പ്രാധാന്യമുള്ള ഒരുപാട് പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് മാമ്പഴത്തോടുള്ള ഇഷ്ടം ചര്‍ച്ചയാവുക എന്നത് വിചിത്രമാണെന്നാണ് പ്രിയങ്ക പറഞ്ഞത്.

ഏപ്രില്‍ 24 ന് ടി.വിയില്‍ സംപ്രേഷണം ചെയ്ത വീഡിയോയുടെ ചില ഭാഗങ്ങള്‍ താന്‍ കണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ‘അഭിമുഖത്തില്‍ അദ്ദേഹം മാമ്പഴത്തെകുറിച്ച് സംസാരിക്കുന്ന ഭാഗം ഞാന്‍ കണ്ടു. എങ്ങനെയാണ് അദ്ദേഹത്തിന് മാമ്പഴം തിന്നാന്‍ തോന്നുന്നത്. ഇത് വളരെ വിചിത്രമാണ്. രാജ്യത്ത് യുവാക്കള്‍ തൊഴില്‍ രഹിതരായി ഇരിക്കുമ്പോള്‍, കര്‍ഷകര്‍ അവഗണിക്കപ്പെടുമ്പോള്‍, സ്ത്രീകള്‍ നിരന്തരം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍, നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ മാമ്പഴം കഴിക്കാം എന്നതാണ്.’ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മോദിയുമായി അക്ഷയ് കുമാറുമാര്‍ നടത്തിയ അഭിമുഖത്തില്‍ മോദിയുടെ മാമ്പഴ കമ്പത്തെകുറിച്ചുള്ള ചര്‍ച്ച വന്നിരുന്നു.

‘എനിക്ക് മാമ്പഴം ഇഷ്ടമാണ്. ഗുജാത്തിന് മാമ്പഴത്തിന്റെ കാര്യത്തില്‍ വലിയ പാരമ്പര്യമുണ്ട്. കുട്ടിക്കാലത്ത് മാമ്പഴം വാങ്ങാനുള്ള ആംഡംബരമൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു. മാവില്‍ നിന്ന് മാമ്പഴം പറിച്ചു തിന്നാനായിരുന്നു ഇഷ്ടം.’ എന്നായിരുന്നു മോദി പറഞ്ഞത്. ഇതിനെ തന്റെ ടി.വി ഷോയിലൂടെ പരിഹസിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ‘അരാഷ്ട്രീയ അഭിമുഖം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് നടത്തിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ മോദിയോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് മോദി മാമ്പഴം കഴിക്കുന്നത് ചെത്തിയാണോ അതോ കടിച്ച് തിന്നുകയാണോ എന്നായിരുന്നു. മോദിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളൊക്കെയായിരുന്നു മറ്റു സംഭാഷണ വിഷയങ്ങള്‍.

AICCpriyanka gandhimodicongressbjp
Comments (0)
Add Comment