21 മുതല്‍ അനിശ്ചിതകാല പണിമുടക്ക്; തീരുമാനത്തിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍

Jaihind Webdesk
Saturday, October 28, 2023

നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്നതില്‍ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകള്‍ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1നകം വയ്ക്കാന്‍ പറ്റില്ലെന്നും ഇതിന് കൂടുതല്‍ സമയം നല്‍കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രില്‍ വരെ സമയം നല്‍കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31ലെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകള്‍ നിലപാട് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.