മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ ഏജൻസിയുടെ സുരക്ഷ

Jaihind Webdesk
Thursday, July 4, 2019

യൂറോപ്യൻ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഏർപ്പെടുത്തിയതിന് ചെലവായ തുക അനുവദിക്കാൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്‍റെ നിർദ്ദേശം. തുക എത്രയാണെന്ന് വ്യക്തമാക്കാതെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അതേസമയം, യൂറോപ്യൻ സന്ദർശനത്തിന് എത്ര രൂപ ചെലവായി എന്ന വിവരം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മെയ് 8 മുതൽ 19വരെയായിരുന്നു മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം. ജനീവയിൽ ലോക പുനർനിർമ്മാണ സമ്മേളനം അടക്കമുള്ള പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. പര്യടനത്തിനിടെ മുഖ്യമന്ത്രിക്ക് ഇസെഡ് പ്ലസ് വിഭാഗത്തിൻറെ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഒരുക്കണമെന്ന് വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സിയോട് ആവശ്യപ്പെട്ടത് ഡിജിപിയായിരുന്നു. ഇതനുസരിച്ചായിരുന്നു സ്വകാര്യ സുരക്ഷാ ഏജൻസികൾ വഴി സുരക്ഷാ ജീവനക്കാരെ നിയമിച്ചത്. ഇതിന് ചെലവായ തുക എംബസ്സികളുമായി ചർച്ച ചെയ്ത് നൽകാനാണ് ആഭ്യന്തരവകുപ്പ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

തുക എത്രയാണെന്ന് പറയാതെ ചർച്ച നടത്തി പൊലീസിൻറെ അക്കൗണ്ടിൽ നിന്ന് ഡിജിപി പണം അനുവദിക്കണമെന്നാണ് ഉത്തരവിലെ നിർദ്ദേശം. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ സുരക്ഷയ്ക്ക് മാത്രമായി ചെലവിടേണ്ടിവരുമെന്നാണ് സൂചന. അതേസമയം, വിമാനയാത്രയുടെ ടിക്കറ്റ് നിരക്കിൻറെ കണക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനായിരുന്നു പൊതുഭരണവകുപ്പിൻറെ മറുപടി. മുഖ്യമന്ത്രിയുടെയും സംഘത്തിൻറെയും ഗൾഫ് യാത്രക്ക് നാലുലക്ഷത്തോളം രൂപ ചെലവായിട്ടും പുനർനിർമ്മാണത്തിന് സഹായം കിട്ടിയില്ലെന്ന വിവരം അടുത്തിടെ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു.