നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല; സർക്കാർ സഹായം വേണം

ലോക്ക് ഡൗണിൽ ഇളവ് വരുത്തുന്ന ജില്ലകളിൽ നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. സർവീസ് നടത്തണമെങ്കിൽ സർക്കാർ സഹായം വേണമെന്നാണ് ഇവരുടെ നിലപാട്.

നിയന്ത്രണങ്ങൾ അവസാനിക്കുന്ന മുറക്ക് ഹ്രസ്വദൂര ബസ് യാത്രകൾ അതീവ സുരക്ഷയോടെ അനുവദിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. യാത്രക്കാർ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. ആകെ 50 മുതൽ 60 കിലോമീറ്റർ ദൂരം മാത്രമേ സഞ്ചരിക്കാനാകൂ. അത് ജില്ലയ്ക്കുള്ളിൽ തന്നെയാകണം. 3 പേർ ഇരിക്കാവുന്ന സീറ്റിൽ മധ്യത്തിലുള്ളത് ഒഴിച്ചിടണം. രണ്ട് സീറ്റുകളാണുള്ളതെങ്കിൽ ഒരാളെ മാത്രമേ അനുവദിക്കാവൂ എന്നിവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ. എന്നാൽ യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണം വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും കഴിയാത്ത സ്ഥിതിയിൽ എങ്ങനെ ബസ് ഓടിക്കുമെന്നാണ് ഇവരുടെ ചോദ്യം.

സംസ്ഥാനത്ത് 12,500 സ്വകാര്യ ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. അര ലക്ഷത്തോളം ജീവനക്കാരുമുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപു തന്നെ സ്വകാര്യ ബസുകൾ നഷ്ടത്തിലാണ് ഓടിയിരുന്നത്. ഇന്ധന വിലവർധനവും സ്പെയർ പാർട്ട്സ് വിലയും ഒക്കെ ചൂണ്ടിക്കാട്ടി ചാർജ് കൂട്ടാൻ ബസ് ഉടമകൾ സമ്മർദം ശക്തമാക്കുന്നതിനിടെ ലോക് ഡൗൺ എത്തിയതോടെ ഈ വ്യവസായത്തിന്റെ വീഴ്ച പൂർണമായി. നിയന്തണങ്ങൾ മാറിയാലും ഇത്രയും കാലം നിശ്ചലമായിരുന്ന ബാറ്ററി നന്നാക്കാനും എഞ്ചിൻ അറ്റകുറ്റ പണിക്കും ഒക്കെ നല്ലൊരു തുക വേണ്ടിവരുമെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള നികുതി ഇളവ് ചെയ്യണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന്‍റെ കൈത്താങ്ങ് പ്രതീക്ഷിക്കുകയാണിവർ.

Comments (0)
Add Comment