പൃഥ്വിരാജും ബ്ലെസ്സിയും അടങ്ങുന്ന സംഘത്തിന്‍റെ ആടുജീവിതത്തിന് അവസാനിക്കുന്നു…. 22 കൊച്ചിയില്‍ തിരിച്ചെത്തും

ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് പോയി ജോർദാനിലെ ലോക്ഡൗണിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും 22നു കൊച്ചിയിൽ തിരിച്ചെത്തും. 58 അംഗ സംഘം എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക. തുടർന്ന് ക്വാറന്‍റീനിൽ പോകും.

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള 58 അംഗ സംഘം അവിടെ കുടുങ്ങുകയായിരുന്നു. ജോര്‍ജാനിലെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രത്യേക ഇളവുകള്‍ നേടി സിനിമാ ചിത്രീകരണവുമായി സംഘം മുന്നോട്ട് പോയെങ്കിലും പിന്നീട് ചിത്രീകരണം നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു. ഏപ്രില്‍ എട്ടിന് വിസ കാലാവധി അവസാനിക്കുമെന്നതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയെങ്കിലും ലോക്ഡൗണ്‍ കഴിയാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി.

മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പൂര്‍ണമായും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇറ്റലി,സ്‌പെയിന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ കുറച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ വേണ്ടി മാത്രം ചില പ്രത്യേക വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.

എഴുത്തുകാരന്‍ ബെന്യാമിന്‍റെ പ്രസിദ്ധമായ നോവലായ ആടുജീവിതത്തിന് വേണ്ടി,പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് നടന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ആരാധകരില്‍ ഏറെ പ്രതീക്ഷകളും ആശങ്കകളും ഉയർത്തിയിരുന്നു.

Comments (0)
Add Comment