കണ്ണൂര്‍: കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ജില്ലാ ജയിലിലും തടവുകാര്‍ അക്രമാസക്തരായി. ജില്ലാ ജയിലില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരും സെന്‍ട്രല്‍ ജയിലില്‍ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് അക്രമാസക്തരായത്. ഇവരെ പിന്നീട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ജില്ലാ ജയിലിലെ രണ്ട് തടവുകാര്‍ ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമം കാണിച്ചത്. വിത്ഡ്രോവല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവര്‍ ചുമരില്‍ തലയിടിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആംബുലന്‍സില്‍വെച്ചും ഇവര്‍ അക്രമാസക്തരായി. ആംബുലന്‍സിന്‍റെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ഇവരെ ബലംപ്രയോഗിച്ച് കീഴടക്കിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി കഞ്ചാവ് കിട്ടാതെ അക്രമാസക്തനായത്. കഞ്ചാവ് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ കൈഞരമ്പ് മുറിച്ചു. ജയില്‍ അധികൃതര്‍ ഉടന്‍തന്നെ ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ചികിത്സകള്‍ക്കായി ഇയാളെ മനോരോഗ വിഭാഗത്തിലേക്ക് മാറ്റി.
ജയിലുകളില്‍ ലഹരിമരുന്ന് എത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് തടവുകാരില്‍ പലരും വിത്ഡ്രോവല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്. ഇവരില്‍ പലരും നേരത്തെ രഹസ്യമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. എന്നാല്‍ പരിശോധന ശക്തമായതോടെ ജയിലുകളിലേക്കുള്ള ലഹരിക്കടത്ത് തടസപ്പെട്ടു. ഇതോടെയാണ് പലരും അക്രമാസക്തരായത്. തടവുകാരിലെ വിത്ഡ്രോവല്‍ സിന്‍ഡ്രോം ജയില്‍ അധികൃതര്‍ക്കും തലവേദനയായിട്ടുണ്ട്.