ഒരുക്കങ്ങൾ പൂർത്തിയായി… വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

Jaihind Webdesk
Wednesday, May 22, 2019

ലോക് സഭാ തെരെഞ്ഞടുപ്പിന്‍റെ അന്തിമ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാനത്ത് നാളെ രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്ന പ്രവചനമാണ് എക്സിറ്റ് പോളുകൾ നടത്തിയിട്ടുള്ളത്.

പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ വിധി അറിയാൻ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നതിനിടെ സംസ്ഥാനത്തെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു.

നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ ആകും ആദ്യം എണ്ണുക. 29 കേന്ദ്രങ്ങളിലായി നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ സജ്ജമാക്കിയിട്ടുള്ള 140 വോട്ടെണ്ണൽ ഹാളുകളിൽ മെഷീനുകളിലെ വോട്ടുകൾ രാവിലെ എട്ടരയോടെ എണ്ണി തുടങ്ങും. ഓരോ ഹാളിലും 10 മുതൽ 14 വരെ വോട്ടെണ്ണൽ മേശകൾ തയ്യാറാക്കിയിട്ടുണ്ട്.

ആദ്യ ഫല സൂചനങ്ങൾ രാവിലെ ഒമ്പതോടെ ലഭിക്കും. ഓരോ റൗണ്ടും എണ്ണി തീരുന്ന മുറയ്ക്ക് ലീഡ് നില പുറത്തുവിടും. ഉച്ചയോടെ വിജയം ആർക്ക് എന്ന് ഉറപ്പിക്കാമെങ്കിലും വിവിപാറ്റുകൾ കൂടി എണ്ണിയ ശേഷം വൈകിട്ട് ആറ് മണിയോടെയാവും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക. മെഷീനിലെയും വിവിപാറ്റിലെയേയും കണക്കുകൾ പൊരുത്തപ്പെട്ടില്ലെങ്കിൽ രണ്ടുതവണകൂടി വിവിപാറ്റ് എണ്ണും . അന്തിമ ഫലം വിവിപാറ്റിന്‍റെ കണക്കുകളനുസരിച്ച് ആകും. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാംതന്നെ യുഡിഎഫിന് അനുകൂലമായാണ് പ്രവചനം നടത്തിയിട്ടുള്ളത്. ഇരുപതിൽ 20 സീറ്റും ലഭിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. എക്സിറ്റ് പോളുകൾ പ്രവചനം ഫലിച്ചാൽ അഞ്ചിൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങുന്ന സിപിഎമ്മിലും എൽഡിഎഫിലും പൊട്ടിത്തെറികൾ ഉണ്ടായേക്കും.

ബിജെപിയുടെ വോട്ട് വിഹിതം വർധിക്കാൻ ഇടയുണ്ട് എങ്കിലും ഒരു സീറ്റ് പോലും അവർക്ക് ലഭിക്കില്ലെന്ന നിഗമനത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫും എൽഡിഎഫുമുള്ളത്.

ഫലം പുറത്ത് വരുന്നതോടെ നിർണ്ണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.[yop_poll id=2]