മധ്യപ്രദേശിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഷോക്ക് ട്രീറ്റ്മെന്‍റ്; മുൻ എം.പിയും ബി.ജെ.പി നേതാവുമായ പ്രേംചന്ദ് ഗുഡ്ഡുവും മകനും പാര്‍ട്ടിയിലേക്ക്

മധ്യപ്രദേശില്‍ തങ്ങളെ ഭരണത്തില്‍ നിന്നും താഴെയിറക്കിയ ബിജെപിക്ക് തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 24 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച് ഭരണം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് നേതൃത്വം.  ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് അനുകൂലമായ നീക്കങ്ങളാണ്  ഇപ്പോള്‍ സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

മുന്‍ എം.പിയും ബിജെപി നേതാവുമായ പ്രേംചന്ദ് ഗുഡ്ഡുവും മകന്‍ അജിത് ബോര്‍സായിയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജ്യോതിരാദിത്യ  സിന്ധ്യയുടെ കടുത്ത വിമർശകനായ ഗുഡ്ഡു സിന്ധ്യയുടെ ബിജെപി  വരവിൽ കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.  സിന്ധ്യയ്ക്കെതിരെ നേരത്തേ  രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചിരുന്നു.   വിശ്വാസവഞ്ചകന്‍ എന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെ അദ്ദേഹം വിശേഷിപ്പിച്ചത്.

അതേസമയം ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബി.ജെ.പി.യിൽ ചേർന്ന മധ്യപ്രദേശ് ജലസേചനവകുപ്പ് മന്ത്രി തുൾസി സിലാവത്തിനെതിരേ ഉപതെരഞ്ഞെടുപ്പിൽ ഗുഡ്ഡുവിനെ സൻവെർ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സൻവെർ മണ്ഡലത്തിലെ മുൻ എം.എൽ.എ.യാണ് ഗുഡ്ഡു.  സിന്ധ്യ പക്ഷത്തെ നേതാവായ സിലാവത്തിനെ മുട്ടുകുത്തിക്കുമെന്നും ഗുഡ്ഡു പറഞ്ഞിരുന്നു. അതേസമയം ഗുഡ്ഡുവിനെ കൂടാതെ മറ്റ് ചിലർ കൂടി ഉടൻ ബിജെപി വിട്ടു കോൺഗ്രസിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

 

Comments (0)
Add Comment