പ്രേംനസീർ ചലചിത്രോത്സവം നാലാം ദിവസത്തിലേക്ക്

നിത്യ ഹരിതനായകൻ പ്രേംനസീറിന്‍റെ സ്മരണയിൽ നടത്തുന്ന ചലച്ചിത്രോൽവം നാലാം ദിവസത്തിലേക്ക്. പ്രേംനസീർ സുഹൃദ് സമിതി ചലചിത്ര അക്കാദമിയുമായി ചേർന്ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലാണ് പ്രേംനസീർ ചലചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ നിത്യവസന്തം പ്രേംനസീറിന്‍റെ ചലചിത്രങ്ങൾ ഭാരത് ഭവനിൽ സൃഷ്ടിച്ച പഴയ സിനിമാകൊട്ടകയിൽ തകർത്തോടിയപ്പോൾ കാലത്തിന്‍റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ട ഒരു കാലത്തിന്‍റെ ഓർമകളുടെ തൊട്ടുണർത്തൽ കൂടിയായിരുന്നു നടന്നത്. പഴയ ഓലപ്പുരയും ചേർന്നുള്ള പഴയകാല ചായക്കടയും ടിക്കറ്റ് വിൽപന കേന്ദ്രത്തിന്‍റെ മാതൃകയും കാഴ്ചക്കാരിൽ ഗൃഹാതുരത്വം ഉണർത്തി. പഴയ ചായക്കടയിലെ നാരങ്ങ മിഠായിയും പലഹാരങ്ങളും പുതുതലമുറയുടെ നാവിൽ പുതുവസന്തം തീർത്തു. പഴമയുടെ രുചിക്കൂട്ടുകളും, ഗോലിസോഡയും, റാന്തൽ വെളിച്ചവുമെല്ലാം കാഴ്ചക്കാരിൽ ചിലരെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയപ്പോൾ പുതു തലമുറയ്ക്ക് ഇതെല്ലാം ഒരു കൗതുക കാഴ്ചയായി.

തീയറ്ററിൽ പ്രിയ നിത്യഹരിത നായകന്‍റെ ചിത്രം കൂടിയായതോടെ നിറഞ്ഞു കവിഞ്ഞ തീയറ്ററിന് മുന്നിൽ നിലത്തിരുന്ന് ചിത്രം കണ്ട്  ചിലർ പഴയ കാലഓർമകൾ പുതുക്കി. അതേസമയം, ചിലർ മലയാളത്തിന്‍റെ പ്രിയനായകൻ പ്രേം നസീറിനോടൊപ്പം ചിലവഴിച്ച കാലത്തെ ഓർമകൾ പങ്കുവെച്ചു.

ചലച്ചിത്രോൽസവത്തിൽ  വൈകുന്നേരം 6 മണിക്കാണ് ചലചിത്ര പ്രദർശനം നടക്കുന്നത്. ഇതുവരെ  അഗ്നിപുത്രി,റസ്റ്ഹൗസ്,കണ്ണപ്പനുണ്ണി എന്നീചിത്രങ്ങളുടെ പ്രദർശനമാണ് നടന്നത്.  ഇന്ന് മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടം പ്രദർശനം നടക്കും.  നാളെ ആരോമലുണ്ണി എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ ചലച്ചിത്രോൽസവത്തിന് സമാപനമാകും.  അതോടെ തിരിച്ചുപിടിക്കാനാകാത്ത ഒരു പിടി നല്ല ഓർമകളുമായി ചലച്ചിത്ര പ്രേമികളും സിനിമാ കൊട്ടകയുടെ പടിയിറങ്ങും.

Prem Nazeer festBharath Bhav
Comments (0)
Add Comment