വന്ധ്യതാചികിത്സയിൽ ആയുർവേദത്തെ കൂടുതൽ ജനകീയമാക്കണമെന്ന് ഗവർണർ റിട്ട.ജസ്റ്റിസ് പി സദാശിവം. അമൃത സ്‌കൂൾ ഓഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ അമൃതപുരിയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറായ ‘പ്രജ്ഞാനം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാർ ഇന്ന് സമാപിക്കും.
വന്ധ്യത മാറ്റാനുള്ള ആയുർവേദ ചികിത്സാരീതികളെക്കുറിച്ചു വിശകലനം ചെയ്യുന്നതിനും വിശദമായ ചർച്ചയ്ക്കുമാണ് അമൃത സ്‌കൂൾ ഓഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ പ്രജ്ഞാനമെന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചത്.
ആധികാരികമായ ഗവേഷണങ്ങളിലൂടെയാകണം വന്ധ്യതാചികിത്സയിൽ ആയുർവേദെത്ത കൂടുതൽ ജനകീയമാക്കേണ്ടതെന്നും ഇന്ത്യയിൽ വന്ധ്യതാ ചികിത്സാ സൗകര്യങ്ങൾ കുറവായതിനാലാണ് ആയുർവേദം ഉൾപ്പെടെയുള്ള ചികിത്സാശാഖകളുടെ സഹകരണം ഇക്കാര്യത്തിൽ വേണ്ടി വരുന്നതെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത് ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.
വന്ധ്യതാ ചികിത്സയോടൊപ്പം ശരിയായ ബോധവൽക്കരണവും ഉറപ്പാക്കണമെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു. വന്ധ്യതാ ചികിത്സ ഉൾപ്പടെയുള്ള വിവിധ ഗവേഷണങ്ങളിൽ അമൃത സ്‌കൂൾ ഓഫ് ആയുർവേദ നല്കുന്ന പ്രാധാന്യത്തെയും ഗവർണർ അഭിനന്ദിച്ചു.
മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമിപൂർണ്ണാമൃതാനന്ദപുരി അധ്യക്ഷത വഹിച്ച സെമിനാറിൽ അമൃത സ്‌കൂൾ ഓഫ് ആയുർവേദ മെഡിക്കൽ ഡയറക്ടർ ബ്രഹ്മചാരി ശങ്കര ചൈതന്യ, സീനിയർ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ.മിതാലി മുഖർജി, അമൃത സ്‌കൂൾ ഓഫ് ആയുർവേദ പ്രിൻസിപ്പാൾ ഡോ.എം.ആർ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
പത്ത് സംസ്ഥാനങ്ങളിലെ നാല്പതോളം ആയുർവേദ സ്ഥാപനങ്ങളിൽ നിന്നായി 1200 ലധികം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.