പി പി ദിവ്യയുടെ ജാമ്യാപേക്ഷ വിധി 29ന്; കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍

Jaihind Webdesk
Thursday, October 24, 2024


തലശ്ശേരി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍. ദിവ്യയുടെ വാദങ്ങളെ അതിശക്തമായി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്നും പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

വ്യക്തിഹത്യയാണ് നവീന്‍ ബാബുവിന്റെ മരണകാരണം. ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ മൊഴി നല്‍കി. പി പി ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

വഴിയേ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ തന്നെ പ്രസംഗത്തില്‍ പറഞ്ഞു. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

മാധ്യമ പ്രവര്‍ത്തകരോട് പ്രസ്തുത ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചു വാങ്ങി. ദിവ്യക്ക് പരാതിയുണ്ടെങ്കില്‍ അധികാരികളോട് അറിയിക്കാമായിരുന്നു. ഗംഗാധരന്റെ പരാതിയില്‍ കഴമ്പില്ല. പൈസ നല്‍കിയിട്ടില്ലെന്ന് ഗംഗാധരന്‍ മാധ്യമങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരും കൂടി ഉദ്യോഗസ്ഥര്‍ക്കെതിരെ മൈക്ക് കെട്ടി പറഞ്ഞാല്‍ സമൂഹത്തിന്റെ അവസ്ഥ എന്താകും. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് കളക്ടര്‍ പറഞ്ഞു. 3.30 ന് വിളിച്ചപ്പോഴും ആരോപണം ഉന്നയിക്കാനുള്ള സമയമല്ലെന്ന് കളക്ടര്‍ പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.