തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും, സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇവയുടെ വിശദവിവരങ്ങള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി.
ആകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍, എണ്‍പത് വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍, അവയില്‍ എത്ര എണ്ണത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ് പ്രതിപക്ഷ നേതാവ് തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് കത്ത് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും മറ്റൊരു കത്ത് നല്‍കിയത്.