ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യ നില മോശം…മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

Jaihind News Bureau
Sunday, February 23, 2025

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് വത്തിക്കാനിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ  . മാർപ്പാപ്പയ്ക്ക് ശ്വാസകോശത്തിൽ കടുത്ത അണുബാധയാണ് സംഭവിച്ചതെന്നും അതുമൂലം ഗുരുതരമായ ശ്വാസതടസം അനുഭവപ്പെടുന്നുവെന്നും വൈദ്യസംഘം അറിയിച്ചു. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന് ഇടവിട്ട് ഓക്സിജൻ ചികിത്സ നൽകേണ്ടി വന്നിരിക്കുകയാണ്.

മുന്‍പ് തന്നെ ഇരുവശത്തും ന്യുമോണിയ ബാധിച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. ഈ രോഗസ്ഥിതിയെ നിയന്ത്രിക്കാൻ ആന്‍റിബയോട്ടിക് ചികിത്സ തുടരുകയാണ്. കൂടാതെ, മാർപ്പാപ്പയുടെ രക്തത്തിൽ പ്ലേറ്റ്ലിറ്റുകളുടെ തോത് കുറയുകയാണെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇത് രക്തം നൽകേണ്ട അവസ്ഥയിലേക്ക് നയിക്കുമോ എന്നതിൽ ഡോക്ടർമാർ നിരീക്ഷണം തുടരുകയാണ്.

ഫ്രാൻസിസ് മാർപ്പാപ്പയെ ഈ മാസം 14നാണ് ബ്രോങ്കൈറ്റിസ് മൂലമുള്ള ശ്വാസതടസ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ നിരീക്ഷണത്തിൽ തുടരുന്ന അദ്ദേഹത്തിന്‍റെ നില വഷളായതോടെ വത്തിക്കാൻ അതീവ ജാഗ്രത പുലർത്തുകയാണ്. അദ്ദേഹത്തിന്‍റെ ജീവന് വേണ്ടി പ്രാർത്ഥനകളുമായി കഴിയുകയാണ് വിശ്വാസികള്‍.