റോമിലെ ജെമെല്ലി ആശുപത്രിയിലെ ബാല്‍ക്കണിയില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കൈവീശി കാണിച്ചപ്പോള്‍ ലോകമെമ്പാടുള്ള വിശ്വാസികള്‍ക്ക് അത് അനുഗ്രഹ വര്‍ഷമായി. ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിച്ചതിനുശേഷം ഇന്നാണ് അദ്ദേഹത്തെ ആരോഗ്യത്തോടെ ലോകം കാണുന്നത്. ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്ത മാര്‍പ്പാപ്പ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. ശ്വാസകോശ അണുബാധ ഗുരുതരമായതിനെ വിജയകരമായി അതിജീവിച്ചാണ് അദ്ദേഹം ആത്മീയജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. എങ്കിലും പോപ്പിന് ഇനിയും നീണ്ട വിശ്രമം ആവശ്യമാണ്.
ആരോഗ്യം വീണ്ടെടുത്ത മാര്‍പ്പാപ്പ ഇന്നു തന്നെ വത്തിക്കാനിലെ വസതിയിലേയ്ക്കു പോകുമെന്നാണ് അറിയുന്നത്. പോപ്പിന് വത്തിക്കാനില്‍ കുറഞ്ഞത് രണ്ട് മാസത്തെയെങ്കിലും വിശ്രമവും പുനരധിവാസവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന് സപ്ലിമെന്റല്‍ ഓക്സിജനും 24 മണിക്കൂര്‍ വൈദ്യ പരിചരണവും ലഭ്യമാക്കും. ഇരു ശ്വാസകോശങ്ങളിലും ഫംഗല്‍ബാധയെ തുടര്‍ന്നുണ്ടായ ഡബിള്‍ ന്യൂമോണിയയായിരുന്നു മാര്‍പ്പാപ്പയ്ക്ക്. അതീവഗുരുതരാവസ്ഥയില്‍ നിന്നാണ് അത്ഭുതകരമായി അദ്ദേഹം ജീവിതത്തിലേയ്്ക്ക് തിരിച്ചു നടന്നത്. ലോകമെമ്പാടുള്ള വിശ്വാസികളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
അടുത്ത മാസം വരാനിരിക്കുന്ന പരിപാടികളില്‍ പോപ്പിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മെയ് മാസത്തില്‍ ഒരു പ്രധാന എക്യുമെനിക്കല്‍ വാര്‍ഷികത്തിനായി തുര്‍ക്കിയിലേക്ക് പോകാന്‍ മാര്‍പ്പാപ്പാ സുഖം പ്രാപിച്ചേക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഡോ. കാര്‍ബോണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.