യതീഷ് ചന്ദ്രയെ കുടുക്കാന്‍ പൊന്‍ രാധാകൃഷ്ണന്‍: ലോക്‌സഭയില്‍ അവകാശലംഘന നോട്ടീസ്

Jaihind Webdesk
Wednesday, December 19, 2018

ശബരിമലയില്‍ എത്തിയപ്പോള്‍ എസ.്പി യതീഷ് ചന്ദ്ര മോശമായി പെരുമാറി എന്നാരോപിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശ ലംഘനത്തിന് ലോക്സഭയില്‍ നോട്ടീസ് നല്‍കി. ദര്‍ശനത്തിനായിട്ടാണ് ശബരിമലയില്‍ പോയത്. എസ്.പി യതീഷ് ചന്ദ്ര ഒരു പൊതു പ്രവര്‍ത്തകനോടുളള ബഹുമാനം പോലും നിലനിര്‍ത്താതെയാണ് തന്നോട് സംസാരിച്ചത്. എസ്പിയുടെ പെരുമാറ്റം ധിക്കാരത്തോടെ ആയിരുന്നുവെന്നും സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ മന്ത്രി വ്യക്തമാക്കുന്നു. നോട്ടീസ് പരിഗണിക്കാമെന്നും പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്നും സ്പീക്കര്‍ ഉറപ്പ് നല്‍കി.

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്വകാര്യവാഹനങ്ങള്‍ കയറ്റിവിടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ദര്‍ശനത്തിന് ശേഷം എസ്പിയുടെ പെരുമാറ്റത്തെക്കുറിച്ച് പൊന്‍രാധാകൃഷ്ണന്‍ അന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് യതീഷ് ചന്ദ്രക്കെതിരെ പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.