പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Jaihind Webdesk
Thursday, April 18, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്‌തു. ഒഡീഷയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന കർണാടകയിൽ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. മോദിയുടെ ഹെലികോപ്റ്ററിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങൾ പരിശോധന നടത്തിയതിനെ തുടർന്നാണ് കമ്മീഷന്‍റെ നടപടി.

കമ്മീഷന്‍റെ നടപടിയിൽ അസ്വഭാവികതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. എസ്‌.പി.ജി സുരക്ഷയുള്ളവർക്കായുള്ള മാർഗനിർദേശങ്ങൾക്കെതിരാണ് ഉദ്യോഗസ്ഥന്‍റെ നടപടിയെന്നാണ് കമ്മീഷന്‍റെ വിശദീകരണം. ഉദ്യോഗസ്ഥന്‍റെ നടപടി മൂലം പ്രധാനമന്ത്രിക്ക് മിനിറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

കർണാടകയിലെ ചിത്രദുർഗയിൽ മോദിയുടെ വിമാനത്തിൽ നിന്ന് സുരക്ഷാപരിശോധനയിൽ ഉൾപ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്‍റെ വീഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്. സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ പെട്ടിയെ കുറിച്ച് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.