ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിടാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചന

Tuesday, September 3, 2019

ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ പ്രതികാര രാഷ്ട്രീയമാണെന്ന വാദം ശക്തമാകുന്നു. പിണറായി സർക്കാർ അധികാരത്തിലേറിയ മുതൽ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിച്ചരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പ്രതികളായ ടൈറ്റാനിയം കേസാണ് സി.ബി.ഐക്ക് വിടാന്‍ തീരുമാനമായത്. കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവിറക്കിയത്. നിരവധി കേസുകൾ സി.ബി.ഐക്ക് വിടണമന്ന ആവശ്യത്തെ അവഗണിച്ചാണ് രാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തിയുള്ള സർക്കാരിന്‍റെ തീരുമാനം.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സി യിലെ വൻ പരീക്ഷാ ക്രമക്കേട് സി.ബിഐ അന്വേഷിക്കണം എന്ന ആവശ്യത്തെ തള്ളിയാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ സർക്കാരിന്‍റെ ഗൂഢ നീക്കം. കൂടാതെ ഷുഹൈബ് വധക്കേസ് ഉൾപ്പടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐക്ക് വിടണം എന്ന ആവശ്യത്തെ ഹൈക്കോടതിയിൽ സർക്കാർ എതിർക്കുകയും ചെയ്തു. ഇതിന് വേണ്ടി വാദിക്കാൻ കോടിക്കണക്കിന് രൂപയാണ് പൊതുഖജനാവിൽ നിന്നും സർക്കാർ പാഴാക്കിയത്.

വിവിധ കേസുകളിൽ സി.ബി.ഐയെ പരിഹസിക്കുകയും സിബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സി.പി.എം എക്കാലവും സ്വീകരിച്ചിരുന്നത്. ഇപ്പോഴത്തെ ചുവടുമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ചത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയത്. പ്ലാന്‍റ് സ്ഥാപിച്ചില്ലെങ്കിൽ ടൈറ്റാനിയം അടച്ചുപൂട്ടേണ്ടി വരുമായിരുന്നു. മെറ്റ്കോണ്‍ എന്ന കമ്പനിയുടെ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്‍റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഫിന്‍ലാന്‍റ് ആസ്ഥാനമായ കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തില്‍ നിന്നും 260 കോടി രൂപയ്ക്ക് മാലിന്യ സംസ്കരണ പ്ലാന്‍റിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ധാരണപത്രം ഒപ്പിട്ടിരുന്നു. പക്ഷേ തുടർന്ന് അധികാരത്തിലേറിയ വി.എസ് സർക്കാരാണ പ്ലാന്‍റ് സംബന്ധിച്ച തുടർ നടപടികൾ സ്വീകരിച്ചത്. അതേ സമയംവിദേശ കമ്പനി ഉൾപ്പെടുന്ന കേസായതിനാൽ സി.ബി.ഐക്ക് കൈമാറണമെന്ന വിചിത്ര വാദമാണ് സംസ്ഥാന സര്‍ക്കാർ മുന്നോട്ടുവെക്കുന്നത്.