വനിതാപ്രവർത്തകയുടെ തല അടിച്ചു പൊട്ടിച്ചു; കെഎസ്‌യു മാർച്ചിന് നേരെ പോലീസ് നരനായാട്ട്; സംഘർഷഭരിതമായി തലസ്ഥാനം, നാളെ വിദ്യാഭ്യാസ ബന്ദ്

Jaihind Webdesk
Monday, November 6, 2023

തിരുവനന്തപുരം: കേരളവർമ്മ കോളേജിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നരനായാട്ട്. പോലീസ് ലാത്തി കൊണ്ട് തലയ്ക്കടിച്ച വനിതാപ്രവർത്തകയ്ക്ക് ഗുരുതര പരിക്കേറ്റു. കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം നസിയയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് വസതിക്ക് സമീപം തടഞ്ഞു. സമാധാനപരമായി ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് മന്ത്രിയുടെ വസതിക്ക് സമീപം തടഞ്ഞ പോലീസ് പിന്നാലെ കിരാത മർദ്ദനം അഴിച്ചുവിടുകയായിരുന്നു. വിദ്യാർത്ഥികളെ ചവിട്ടിമെതിച്ച പോലീസ് നിരവധി തവണ ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി.

പാളയത്തേക്ക് എത്തിയ പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് പോലീസ് കിരാതമായ അക്രമം അഴിച്ചുവിട്ടത്. വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. നന്ദാവനം എആർ ക്യാമ്പിന് മുന്നില്‍ പ്രതിഷേധിച്ചവർക്കു നേരെയും പോലീസ് ബലപ്രയോഗം നടത്തി. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.