വീണ്ടും വിവാദത്തിന് തിരി കൊളുത്തി കേരള പൊലീസ്; പൊലീസുകാര്‍ക്ക് യോഗപരിശീലനം നല്‍കുന്നത് സിപിഎം നേതൃത്വത്തിലുള്ള സംഘടന

സംസ്ഥാനത്തെ പൊലീസുകാരെ യോഗ പഠിപ്പിക്കാനുള്ള ചുമതല സി പി എം നേതൃത്വത്തിലുള്ള സംഘടനയ്ക്ക് നൽകിയത് വിവാദത്തിൽ. സിപിഎം നിയന്ത്രിക്കുന്ന യോഗ അസോസിയേഷന്‍റെ കത്ത് പരിഗണിച്ചാണ് പരിശീലനം നൽകാനുള്ള ചുമതല അസോസിയേഷന് നൽകിയത്. സംഘടനയുടെ സർട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവരെ പഞ്ചായത്തുകളിൽ യോഗ പരിശീലകരാക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയിൽ കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് സിപിഎം അനുകൂല യോഗ അസോസിയേഷനെ ചുമതലപ്പെടുത്തുന്നത്.

സി പി എം രൂപികരിച്ച യോഗാചാര്യൻമാരുടെ സംഘടനയായ യോഗ അസോസിയേഷൻ ഓഫ് കേരള എന്ന സംഘടനാ നേതാക്കളുടെ കത്ത് പരിഗണിച്ചാണ് സംസ്ഥാനത്തെ പൊലീസുകാരെയോഗ പരിശീലിപ്പിക്കാനുള്ള ചുമതല സംഘടനയ്ക്ക് നൽകിയത്.പൊലീസുകാരുടെ കായിക ക്ഷമതയും മാനസിക ആരോഗ്യവും വർധിപ്പിക്കുന്നതിന് യോഗ അത്യന്താപേക്ഷിതമാണെന്നു ചൂണ്ടി കാട്ടി അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് പരിശീലന ചുമതല തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യമായ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്തേക്ക് കത്തു കൈമാറി.യോഗ പരിശീലനത്തിന് അനുമതി നൽകി കൊണ്ട് ഡിജിപി യാ ണ് മറുപടി നൽകിയത്. പരിശീലനം നൽകാനായിജില്ലാ പൊലീസ് മേധാവികളെയും വിവിധ ബറ്റാലിയൻ മേധാവികളെയും സമീപിച്ചാൽ വേണ്ട സൗകര്യം ലഭ്യമാക്കുമെന്നും മറുപടിയിൽ പറയുന്നു. പൊലീസ് ആസ്ഥാനത്ത് ഉൾപ്പടെ പരിശീലനത്തിനാണ് അനുമതി നൽകിയത്.

ഈസംഘടനയുടെ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവരെ പഞ്ചായത്തുകളിലെ യോഗ പരിശീലകരാക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.ഇത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി പരിഗണിച്ച കോടതി പരിശീലനത്തിന് അനുമതി നൽകിയത് സ്റ്റേ ചെയ്തിരുന്നു. യോഗയിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഡിപ്ലോപ നേടിയവരുടെ സംഘടനയായ കേരള യോഗ ടീച്ചേഴ്‌സ് യൂണിയൻ കോടതിയെ സമീപിച്ചാണ് സ്റ്റേ വാങ്ങിയത്. ഈ സ്റ്റേ നിലനിൽക്കയാണ് സി പി എം അനുകൂല യോഗ അസോസിയേഷനെ പൊലീസുകാരെ യോഗ പഠിപ്പിക്കാനും ചുമതലപ്പെടുത്തുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്.ഇതിനെതിരെ കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് യോഗ അദ്ധ്യാപകരുടെ സംഘടന. സ്റ്റേ നിലനിൽക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കേരള യോഗ ടീച്ചേഴ്സ് യൂണിയൻ ഡി ജി പി യ്ക്ക് കത്ത് നൽകിട്ടുണ്ട്.

https://www.youtube.com/watch?v=PnI7LowAt0s

policeYoga
Comments (0)
Add Comment