ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ പോലീസിന്‍റെ കയ്യേറ്റശ്രമം

Jaihind Webdesk
Friday, January 4, 2019

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും എതിരെ പോലീസിന്‍റെ കൈയേറ്റ ശ്രമം. പാത്താമുട്ടം പള്ളി ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ലോംഗ്  മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിനിടെയായിരുന്നു കയ്യേറ്റശ്രമമുണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പോലീസ് തന്നെയായിരുന്നു പ്രകോപനം സൃഷ്ടിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കും വനിതകള്‍ക്കും മര്‍ദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് 16ന് യു.ഡി.എഫ് രാപ്പകൽ സമരം നടത്തും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള അഞ്ചോളം പേർക്ക് സാരമായ പരിക്കേറ്റു ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വനിതകളുൾപ്പെടെ തല്ലിച്ചതച്ച നടപടി തികച്ചും പ്രതിഷേധാർഹമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

പാത്താമുട്ടത്തിന് അടുത്തുനിന്നും വളരെ സമാധാനപരമായായിരുന്നു യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ കോട്ടയം എസ്.പി ഓഫീസിലേക്ക് ലോംഗ് മാർച്ച് നടത്തിയത്. മാർച്ച് എസ്.പി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ യോഗം ചേർന്ന് യുഡിഎഫ് പ്രവർത്തകരുടെ നേര്‍ക്ക് പോലീസ് പ്രകോപനം സൃഷ്ടിച്ചു. തുടർന്ന് ഉന്തും തള്ളുമായി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാൽ ആക്രമണമേറ്റ പെൺകുട്ടി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും പോലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നു.

തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ കടയിലേക്ക് ഡി.വൈ.എസ്.പി ശ്രീകുമാർ വീണ്ടും പ്രകോപനം ഉണ്ടാക്കി. റോഡ് ഉപരോധിച്ചു എന്നപേരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ വീണ്ടും ബഹളമുണ്ടാക്കി. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്റ്റേഷനിലെത്തി ഡിവൈഎസ്പിയും ആയി സംസാരിച്ചു. അപ്പോഴും ധിക്കാരപരമായ മറുപടികൾ ആയിരുന്നു പൊലീസിന് ഭാഗത്തുനിന്നും. തുടർന്ന് ഡിജിപിയെ വിളിച്ച വിളിച്ച് അറിയിച്ചതിനെ തുടർന്ന് പ്രവർത്തകരെ വിട്ടയച്ചു. എന്നാൽ തുടർന്നും ഡി.വൈ.എസ്.പിയുടെ ഭാഗത്തുനിന്നും പ്രകോപന ശ്രമം തുടര്‍ന്നു.

മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിർദേശം ലഭിച്ചതുപോലെയായിരുന്നു പൊലീസിന്‍റെ പ്രവർത്തനങ്ങൾ. സംഭവത്തിൽ പ്രതിഷേധിച്ച് പതിനാറാം തീയതി യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തും.

https://www.youtube.com/watch?v=oOzbdky1lpo