സിഐ നവാസിനേയും കൊണ്ട് പോലീസ് സംഘം കൊച്ചിയിലേയ്ക്ക്; തിരോധാനത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കമ്മീഷണർ

Jaihind Webdesk
Saturday, June 15, 2019

Navas-at-karur-station

രണ്ട് ദിവസം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ സിഐ നവാസിനേയും കൊണ്ട് പോലീസ് സംഘം ഉച്ചക്ക് ശേഷം കൊച്ചിയിൽ എത്തും. നവാസ് തിരിച്ചെത്തിയ ശേഷം തിരോധാനത്തിന്‍റെ കാരണം സംബന്ധിച്ചു അന്വേഷണം നടത്തുമെന്ന് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു.

കൊച്ചി എസിയും സിഐയും തമ്മിലുള്ള ഔദ്യോഗിക ബന്ധം വളരെ മോശമാണെന്ന് മനസിലായിട്ടുണ്ട്. പൊലീസിന്റെ ജോലിഭാരം കൂടുതലാണ്.മാനസിക പീഡന പരാതിയിലടക്കം അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.

Navas-at-karur-station

തമിഴ്നാട്ടിലെ കരൂരിൽ നിന്ന് ഇന്ന് രാവിലെയാണ് പൊലീസ് നവാസിനെ കണ്ടെത്തിയത്. നാഗര്‍കോവിൽ കൊയന്പത്തൂര്‍ എക്സ് പ്രസിൽ യാത്രചെയ്യുകയായിരുന്നു സിഐ നവാസ്. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇടയ്ക്ക് ഓണാക്കിയപ്പോൾ ടവര്‍ ലൊക്കേഷൻ തിരിച്ചറിഞ്ഞ കേരളാ പൊലീസ് തമിഴ്നാട് ആര്‍പിഎഫിന്‍റെ സഹായം തേടുകയായിരുന്നു. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്.

കരൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. രാമേശ്വരത്തേക്ക് പോയതാണെന്നാണ് നവാസ് പറയുന്നത്.

കൊച്ചിയിലെ വീട്ടിൽ നിന്ന് ഇറങ്ങി കൊല്ലത്തേക്ക് ബസ്സിൽ തിരിച്ച നവാസ് പിന്നെ ട്രെയിനിലാണ് മധുരയ്കക്ക് പോയതെന്നാണ് വിവരം. നവാസിനെ കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.