കഞ്ചാവ് റെയ്ഡിന് പോയ പൊലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങി; തെരച്ചില്‍ പുരോഗമിക്കുന്നു

Jaihind Webdesk
Saturday, October 9, 2021

പാലക്കാട് : മലമ്പുഴ വനമേഖലയിൽ വഴിതെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അം​ഗ സംഘം ഉൾ വനത്തില്‍ കുടുങ്ങിയത്. പാലക്കാട് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി.ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോ​ഗസ്ഥരാണ് വനത്തിലുള്ളത്.

ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടിരിക്കുന്നത്. ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കാട് കയറിയത്. ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് കാട് കയറിയത്. കഞ്ചിക്കോട് ഇറങ്ങിയ 17 കാട്ടാനകളുടെ കൂട്ടം ഈ മേഖലയിലുള്ളതിനാല്‍ ജാഗ്രതയിലാണ് പൊലീസ്.

അതേസമയം  പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള രണ്ടാമത്തെ സംഘവും തെരച്ചിൽ തുടങ്ങി.മലമ്പുഴ ചെക്കോള ഭാഗത്ത്‌ നിന്നാണ് തെരച്ചിൽ ആരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ആദിവാസികൾ അടക്കം 10 പേരാണ് സംഘത്തിൽ ഉള്ളത്.