സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരായ വധശ്രമം : പോലീസ് അന്വേഷണം ആരംഭിച്ചു

Jaihind Webdesk
Sunday, May 19, 2019

വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായിരുന്ന സി.ഒ.ടി നസീറിന് വെട്ടേറ്റ സംഭവത്തിൽ തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. തലശേരി കയ്യത്ത് റോഡിൽ വെച്ചാണ് സി.ഒ.ടി നസീറിന് വെട്ടേറ്റത്. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. ഉടൻ തന്നെ തലശേരി ഗവണ്‍മെന്‍റ് ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സി.ഒ.ടി നസീർ ഏതാനും വർഷം മുമ്പ് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. പി ജയരാജനെതിരെ മത്സര രംഗത്ത് വന്നതിനുശേഷമാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. നസീറിന് നേരെ മുമ്പും നിരവധി തവണ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും സി.പി.എം പ്രവർത്തകർ നസീറിനെ അക്രമിച്ചിരുന്നു.

പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷമാണ് നസീര്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ത‌ല‌ശേരി ന‌ഗ‌ര‌സ‌ഭ‌യില്‍ കൗണ്‍സില‌റായി പ്രവര്‍ത്തിച്ചിട്ടുള്ള നസീര്‍ ഉമ്മ‌ന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശേരിയില്‍ വച്ച് ക‌ല്ലെറിഞ്ഞ‌ കേസിലെ പ്ര‌തി കൂടിയാണ്.