ശബരിമലയില്‍ സമാധാന പാലനത്തിന് ആര്‍എസ്എസ് നേതാവിന്റെ സഹായം തേടി പൊലീസ്. ശബരിമലയില്‍ 50വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീ പ്രവേശിച്ചുവെന്ന് കരുതി നാമജപവുമായെത്തിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിയാതായതോടെയാണ് പൊലീസ് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ സഹായംതേടിയത്. പൊലീസിന്റെ മൈക്കിലൂടെ ഭക്തരെ സമാധാനിപ്പിക്കുന്ന നേതാവിന്റെ വീഡിയോ സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദത്തിലായി.
ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്നും പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം തടയാന്‍ പൊലീസും വോളന്റിയേഴ്സും ഉണ്ടെന്നും വൽസൻ തില്ലങ്കേരി പൊലീസിന്റെ മൈക്കിലൂടെ പ്രതിഷേധക്കാരോട് പറഞ്ഞു. പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കാനുള്ള ചിലരുടെ നീക്കത്തില്‍ വീണു പോകരുതെന്നും അനാവശ്യമായി വികാരം കൊള്ളേണ്ട സാഹചര്യമില്ലെന്നും വത്സന് തില്ലങ്കേരി പറഞ്ഞു. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താന്‍ എത്തിയവരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ വീട്ടമ്മയുടെ പ്രായത്തിലുള്ള സംശയത്തെത്തുടര്‍ന്ന സന്നിധാനത്ത് നാമജപവുമായി പ്രതിഷേധിച്ചെത്തിയ തീര്‍ത്ഥാടകരോട് സംസാരിക്കാനാണ് വത്സന് തില്ലങ്കേരി പൊലീസിന്റെ മൈക്ക് ഉപയോഗിച്ചത്. തില്ലങ്കേരിക്ക് മൈക്ക് നൽകിയ പോലീസ് നടപടി വിവാദങ്ങൾ വഴി വച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.
ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ശബരിമലയുടെ നിയന്ത്രണം പൊലീസിന്റെ കൈയ്യിലാണെന്നും അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.