വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊലീസ് ; പിന്നില്‍ വ്യക്തിവൈരാഗ്യം : സി.പി.എമ്മിന്‍റെ വ്യാജപ്രചരണം പൊളിഞ്ഞു

Jaihind News Bureau
Monday, August 31, 2020

തിരുവനന്തപുരം : വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പൊലീസ്. പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് വെഞ്ഞാറമൂട് എസ്.ഐ സുരേഷ് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം രാഷ്ട്രീയകാരണങ്ങളാലെന്ന് പറയാനാവില്ലെന്ന് ഡി.ഐ.ജി സഞ്ജയ്കുമാര്‍ ഗുരുദിനും വ്യക്തമാക്കി. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്തെ തന്നെ അറിയാമായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും ഡി.ഐ.ജി പറഞ്ഞു. അക്രമിസംഘം സഞ്ചരിച്ച രണ്ട് ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കണ്ടെത്തി. ഡി.വൈ.എഫ്.ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്‍റ് ഹഖ് മുഹമ്മദ്, തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

കൊലപാതകം രാഷ്ട്രീയപ്രേരിതമെന്ന രീതിയില്‍ സി.പി.എം വ്യാപക പ്രചരണമാണ് നടത്തിയിരുന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിയതോടെ സി.പി.എമ്മിന്‍റെ വ്യാജപ്രചരണവും പൊളിഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ  ഇവര്‍ തമ്മില്‍ പോര്‍വിളികള്‍ നടന്നതായും പോലീസ് പറയുന്നു.