ഓഫ് റോഡില്‍ പണിവാങ്ങി ജോജു; കേസെടുത്ത് പോലീസ്, ലൈസന്‍സുമായി ഹാജരാകണമെന്ന് എംവിഡി

Jaihind Webdesk
Tuesday, May 10, 2022

 

ഇടുക്കി: നിരോധിത മേഖലയില്‍ ഓഫ് റോഡ് റൈഡ് നടത്തിയ നടന്‍ ജോജുവിനെതിരെ കേസ്. കെഎസ്‌യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തിന്‍റെ ഉടമയ്ക്കും സംഘാടകർക്കും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ജോജു ജോർജ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ‌ും നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഓഫ് റോഡ് ട്രക്കിംഗ് നിരോധനം  ലംഘിച്ചതിനാണ് കേസ്.

ഏതാനും ദിവസം മുമ്പാണ് വാഗമണ്ണിൽ ജോജു ജോർജും നടൻ ബിനു പപ്പുവും പങ്കെടുത്ത ഓഫ് റോഡ് ജീപ്പ് റൈഡ് നടന്നത്. കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. ജോജുവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് കെഎസ്‌യു  ഇടുക്കി ജില്ലാ പ്രസിഡന്‍റ് ടോണി തോമസ് പരാതി കൈമാറിയത്. ‌‌ജവിൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്.