ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയോട് സുഹൃത്ത് കാട്ടിയ ക്രൂര പീഡനം; കുറ്റപത്രം തയാറാക്കി പോലീസ്

Jaihind News Bureau
Sunday, May 4, 2025

പോക്‌സോ കേസിന് ശേഷം ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് തന്നെ ക്രൂരമായി ആക്രമിച്ചതിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച 19കാരി പെണ്‍കുട്ടി നേരിട്ട കൊടും ക്രൂരതകള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം. സുഹൃത്ത് അനൂപ് മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ചുറ്റിക, ബെല്‍റ്റ്, ഷോള്‍ എന്നിങ്ങനെയുള്ള തെളിവുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മറ്റൊരാളുമായി പെണ്‍കുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയത്തിലായിരുന്നു ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ജനുവരി 26നാണ് പെണ്‍കുട്ടിയെ ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും. അനൂപിന്റെ ആക്രമണത്തിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മര്‍ദ്ദിച്ചതിനു പിന്നാലെ ‘നീ പോയി ചത്തോ’ എന്ന് അനൂപ് വിളിച്ചുപറഞ്ഞതാണ് ഏറ്റവും ഒടുവിലുണ്ടായ പ്രകോപനം. ഇതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ശ്രമിച്ചത്. ഇതും, അനൂപ് ശ്വാസം മുട്ടിച്ചതുമാണ് മരണം സംഭവിക്കാന്‍ കാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ വൈദ്യസഹായം പ്രതി നിഷേധിച്ചതും ജീവന്‍ അപകടത്തിലാക്കി. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് പെണ്‍കുട്ടിക്ക് മരിച്ചിരുന്നു.