പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട് : കുറ്റാരോപിതനായ പൊലീസുകാരന് സസ്പെന്‍ഷന്‍ നല്‍കി കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപണം

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട് കാട്ടിയ ക്രൈംബ്രാഞ്ച് ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖനെ സസ്പെൻഡ് ചെയ്തു. ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരവും വൈശാഖനെതിരെ കേസെടുത്തു.

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടതിനെ തുടർന്നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വൈശാഖിനെതിരെ നടപടിയെടുത്തത്.

ഐ ജി ശ്രീജിത്തിന്‍റെ നിരീക്ഷണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. ‘ശ്രീപത്മനാഭ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.

പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതാണ് ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള വാർത്ത പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്. അതേസമയം പോലീസുകാരുടെ പോസ്റ്റൽ വോട്ടിലെ ക്രമക്കേട് 4 പേരിലായി ഒതുക്കാൻ ശ്രമം നടത്തുകയാണെന്ന വിമർശനം ഇതിനോടകം പല കോണുകളിൽ നിന്നായി ഉയർന്നിട്ടുണ്ട്.

Comments (0)
Add Comment