മെമെന്റോയില്‍ ആശംസയോ മുദ്രാവാക്യമോ ? തലശ്ശേരി പോലീസ് സ്‌റ്റേഷനിലെ യാത്രയയപ്പില്‍ ആര്‍ക്കാണ് ശങ്ക ?

Jaihind News Bureau
Thursday, March 20, 2025

കണ്ണൂര്‍ മണോളിക്കാവിലെ സിപിഐഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ അതൃപ്തി. ഇതു പരസ്യമാക്കി യാത്രയയപ്പ് വേളയില്‍ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികമായി നല്‍കിയ മൊമെന്റോയിലെ വാചകം. ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പില്‍ നല്‍കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്. സ്ഥലം മാറ്റിയ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ദീപ്തി വി.വി, അഖില്‍ ടി കെ എന്നിവര്‍ക്കാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്.ഇന്നലെ വൈകീട്ട് ആണ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്.

പൊലീസിനെ ആക്രമിച്ച സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിപിഐഎം പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് വാഹനം തടഞ്ഞുവച്ചാണ് സിപിഐഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ദീപ്തി വി.വി, അഖില്‍ ടി കെഎന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അതൃപ്തി പരസ്യമാക്കി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സ്നേഹാഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്.