സുബോധ് കുമാറിന്റെ കൊലപാതകം ആസൂത്രിതം; ബജ്രംഗ്ദള്‍ നേതാവ് അറസ്റ്റില്‍

Jaihind News Bureau
Tuesday, December 4, 2018

ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുവിന്റെ ജഡം കണ്ടെത്തിയെന്ന് ആരോപിച്ചുണ്ടായ കാലപത്തില്‍ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ബജ്‌റംഗ്ദള്‍ ജില്ലാനേതാവ് അറസ്റ്റില്‍. അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. വി.എച്ച്.പി, ബജ്‌റംഗ്ദള്‍ നേതാക്കളാണ് അറസ്റ്റിലായത്. ഗോഹത്യയെക്കുറിച്ച് മുമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ള ആളാണ് ഈ അറസ്റ്റിലായ യോഗേഷ് രാജ്‌.

മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡവുമായി വഴി തടസ്സപ്പെടുത്തിയ ഗ്രാമവാസികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം പൊലീസിനെതിരേ തിരിഞ്ഞത്. പൊലീസുകര്‍ക്കു നേരെ ശക്തമായ കല്ലേറും ആക്രമണവും നടത്തുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനു കല്ലേറില്‍ തലയ്ക്കു പരുക്കേറ്റു. ഇതോടെ ഡ്രൈവര്‍ ഇദ്ദേഹത്തെ ജീപ്പില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജീപ്പിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ഒറ്റപ്പെട്ട സ്ഥലത്തു കാര്‍ നിര്‍ത്തി സുബോധ് കുമാറിനെ വെടിവച്ചു കൊല്ലുകയായിരുന്നു.

താന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പിന്നീടു പറഞ്ഞു. വെടിയേറ്റ് ജീപ്പില്‍നിന്നു പുറത്തേക്കു തൂങ്ങിക്കിടക്കുന്ന ഇന്‍സ്പെക്ടറുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇടത് പുരികത്തിനേറ്റ ബുള്ളറ്റാണ് സുബോധ് കുമാറിന്റെ ജീവനെടുത്തതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും ആള്‍ക്കൂട്ടം തട്ടിയെടുത്തു. സുബോധിന്റെ കുടുംബത്തിന് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്കു 10 ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്കു സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സുബോധിനെ പൊലീസുകാര്‍ ഒറ്റപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.