ക്ഷേത്രമുറ്റത്ത് പൊലീസിനെ പൂട്ടി ,സിപിഎമ്മുകാര്‍ പ്രതിയെ ജീപ്പില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയി

Jaihind News Bureau
Friday, February 21, 2025

താലപ്പൊലി ഉത്സവം അലങ്കോലപ്പെടുത്തി പൊലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിപിഎംകാരനെ സംഘം ചേര്‍ന്ന് മോചിപ്പിച്ചു.  കണ്ണൂര്‍ തലശ്ശേരി മണോളിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ പോലീസിനെ അക്രമിച്ച കേസിലെ പ്രതിയെയാണ് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ചത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ജീപ്പില്‍ നിന്ന് ഇറക്കി കൊണ്ടു പോവുകയായിരുന്നു. പൊലീസിനെ തടഞ്ഞതിന് 55 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ബുധനാഴ്ച രാത്രി ക്ഷേത്ര തിരുമുറ്റത്താണ് ബി.ജെ.പി.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. അപ്പോള്‍ ഇടപെട്ട പോലീസ് കാരെ സി.പി.എം. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ‘കാവില്‍ കളിക്കാന്‍ വന്നാല്‍ തലശ്ശേരി സ്റ്റേഷനിലെ ഒരുത്തനേയും വിടില്ല, കേരളം ഭരിക്കുന്നത് ഞങ്ങളാണെന്ന്’ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ് ഐ ഉള്‍പ്പടെയുള്ള പൊലീസുകാരെയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു.

പൊലീസിനെ അക്രമിച്ച കേസിലെ പ്രധാന പ്രതിയായ സി.പി.എം. പ്രവര്‍ത്തകന്‍ ദിപിനെ ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതാണ് ഇന്നത്തെ സംഭവത്തിന് തുടക്കമായത്.. എസ്.ഐ. വി.വി.ദീപ്തിയുടെ നേതൃത്വത്തിലാണ് ദിപിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്ത ദിപിനെ പോലീസ് ജീപ്പിലെത്തിച്ചപ്പോള്‍ 50-ഓളം സി പി എം പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞു. നിയമം കയ്യിലെടുത്ത് പൊലീസിനെതിരെ ബലപ്രയോഗം നടത്തിയാണ് .സി പി എം പ്രവര്‍ത്തകനെ പോലീസ് മോചിപ്പിച്ചത് . ഇയാളെ തിരിച്ചെത്തിക്കും വരെ സിപിഎമ്മുകാര്‍ പൊലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തി , പോലീസുകാരെ പോകാന്‍ അനുവദിച്ചില്ല. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു ഇതിനിടയില്‍ ദിപിനെ ബലമായി ഇവര്‍ മോചിപ്പിച്ചു കൊണ്ടുപോയി. ചില പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു.

ഉത്സവപ്പറമ്പില്‍ സംഭവസമയത്ത് സ്ത്രീകളും കുട്ടുകളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി സംയമനം പാലിച്ചതായാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സി.പി.എം. പ്രവര്‍ത്തകനെ മോചിപ്പിച്ചുകൊണ്ടുപോയതിന് 55 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്സെടുത്തു.പൊലീസിനെ അക്രമിച്ച കേസില്‍ മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.