ഇരട്ട ബോംബ്, ഒരു ഭയങ്കര കുലുക്കം! 50 ദിവസമായി, കിട്ടിയോ?

Jaihind Webdesk
Friday, August 19, 2022

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞിട്ട് ഇന്ന് 50 ദിവസം പിന്നിടുന്നു. തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാന മന്ദിരത്തിന് നേരെ ‘ആക്രമണം’ നടന്ന് രണ്ട് മാസം ആകാറാകുമ്പോഴും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് പോലീസിനും ആഭ്യന്തരവകുപ്പിനും മാനക്കേടായി. ഒരു മാസത്തോളം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടും പടക്കമെറിഞ്ഞ ആളെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

ജൂൺ 30ന് രാത്രി. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിന് നേരെ സ്‌കൂട്ടറിലെത്തിയ ആൾ സ്‌ഫോടകവസ്തു എറിയുന്നു. വന്നത് ഡിയോ സ്കൂട്ടറില്‍. എറിഞ്ഞത് ഏറുപടക്കം. പടക്കം പൊട്ടിത്തീരും മുമ്പേ എല്‍ഡിഎഫ് കണ്‍വീനര്‍ ഹാജര്‍. പൊട്ടിയത് ബോംബ് തന്നെയെന്ന് ഇ.പി ജയരാജന്‍. രണ്ട് ബോംബുകളായിരിക്കുമെന്നും അത് സ്റ്റീല്‍ ബോംബാണെന്നും മണംപിടിച്ചതിന് ശേഷം സ്ഥിരീകരണം.  കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ഇ.പി ജയരാജൻ ആരോപിച്ചു. ഇതിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായി. സിപിഎം അഴിഞ്ഞാടി. ഇ.പിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പി.കെ ശ്രീമതി ടീച്ചറും രംഗത്തെത്തി. എകെജി സെന്‍ററിന്‍റെ മുകളിലെ നിലയിലുണ്ടായിരുന്ന ശ്രീമതി ടീച്ചര്‍ അതിഭയങ്കരമായ പൊട്ടിത്തെറിയുടെ ഒച്ച കേട്ടത്രെ. കെട്ടിടം ആകെ കുലുങ്ങിയെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞുവെച്ചു.

എന്നാൽ ആരോപണം പാടെ നിഷേധിച്ച കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഇ.പി ജയരാജന്‍റെ തിരക്കഥയാണ് ഇതെന്ന് തിരിച്ചടിച്ചു. പടക്കത്തിന് സമാനമായ വസ്തുവാണ് എറിഞ്ഞതെന്ന് ഫൊറൻസിക് പരിശോധനാ ഫലം വന്നതോടെ ഇ.പിയുടെ അന്വേഷണ കണ്ടെത്തല്‍ പിന്നെയും ചീറ്റി. ക്യാമറാ നിരീക്ഷണമുള്ള അതീവ സുരക്ഷാ മേഖലയിലുണ്ടായ സംഭവത്തിലെ പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടതോടെ കളം കൊഴുത്തു. പടക്കം എറിഞ്ഞത് സിപിഎം തന്നെയെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാരിന്‍റെ മര്‍മ്മത്ത് തന്നെ തറച്ചു. ആക്രമണകത്തിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെ എന്ന് കട്ടായം പറഞ്ഞ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പിന്നീടങ്ങോട്ട് ചോദ്യശരങ്ങളേറ്റ വല്ലാതെ വാടി. ചോദ്യങ്ങള്‍ കൂമ്പാരം കൂടിയപ്പോള്‍ “സുകുമാരക്കുറുപ്പിനെ കിട്ടിയോ” എന്ന പഞ്ച് ഡയലോഗടിച്ച് ഇ.പി സ്ഥലംകാലിയാക്കി. മുഖ്യമന്ത്രിക്കും അവസരം കിട്ടി. ‘കിട്ടിയോ’ എന്ന ചോദ്യത്തിന് “കിട്ടുമെന്നാണ് പ്രതീക്ഷ” എന്ന് മുഖ്യമന്ത്രിയും പറഞ്ഞൊപ്പിച്ചു.

തുടർന്ന് തലസ്ഥാനത്തെ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു. എന്നാൽ അന്വേഷണം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും പോലീസിന് പ്രതിയിലേക്ക് നയിക്കുന്ന ഒരു തുമ്പും ലഭിച്ചില്ല. ആക്രമണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വ്യക്തതയില്ലാത്തതിനാൽ വണ്ടി നമ്പർ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പോലീസ്. എകെജി സെന്‍ററിന്‍റെ പരിസരത്തെ നൂറോളം സിസി ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന ഒന്നും തന്നെ ലഭിക്കുന്നില്ല. അക്രമി വന്നത് ഹോണ്ട ഡിയോയിൽ ആണെന്നതിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിലെ ഇതേ മോഡൽ വാഹനങ്ങളുടെ പരിശോധനയും പോലീസ് നടത്തി. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതിലും പ്രതിയെ കണ്ടെത്താനായില്ല. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ ഇയാളെ വിട്ടയച്ച് പോലീസിന് തലയൂരേണ്ടിയും വന്നു.

അതേസമയം എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിക്കും സഹായിക്കും ഉള്ള സിപിഎം ബന്ധത്തിന്‍റെ പേരിൽ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്ന ആക്ഷേപം ശക്തമാണ്. എകെജി സെന്‍ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആക്ഷേപം. എകെജി സെന്‍റർ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പൊലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം . ജൂൺ മൂപ്പതിന് രാത്രി 11.23 നും 11.24 നും ഇടയിലായിരുന്നു എകെജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്‍ററിൽ നിന്നും പുറത്തു വിട്ട സിസി ടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസി ടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതിൽ നിന്നും സംശയമുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്.

സംഭവം നടന്ന രാത്രി 10 50 നും 11. 30 നും ഇടയിൽ ഏഴ് തവണയാണ് ഇയാൾ എകെജി സെന്‍ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്കൂട്ടറോടിച്ചത്. തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാൾ പോലീസിനോട് വിശദീകരിച്ചത് എന്നാൽ ഈ സ്കൂട്ടറിൽ വെള്ളത്തിന്‍റെ ക്യാൻ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മാത്രമല്ല സ്ഫോടനം നടന്നതിന് പിന്നാലെ ഇയാൾ എകെജി സെന്‍ററിന് മുന്നിലൂടെ കടന്നു പോയെങ്കിലും പോലീസും ആൾക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞു നോക്കിയില്ല. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഇയാൾ സ്ഫോടക വസ്തു മറ്റൊരാൾക്ക് എത്തിച്ച് നൽകി അയാൾ എറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്‌ എത്തിയത്. പക്ഷെ തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം നിർത്താൻ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്നാണ് വിവരം. തട്ടുകടക്കാരന്‍റെ ഫോൺ രേഖ തന്നെ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനയ്ക്ക് വിടാതെ ഒളിപ്പിച്ചു. തട്ടുകടക്കാരനിലേക്കും സുഹൃത്തിലേക്കും പോകാതെ ഡിയോ സ്കൂട്ടറിന്‍റെയും പടക്കക്കാരുടെയും പിന്നാലെ പോയി അന്വേഷണം വഴിതിരിച്ചുവിട്ടു. എകെജി സെന്‍ററിന് കാവലുണ്ടായുന്ന പോലീസുകാര്‍ സംഭവം നടക്കുമ്പോള്‍ എവിടെയായിരുന്നു എന്നതാണ് മറ്റൊരു ചോദ്യം.

പ്രതിയെ കിട്ടിയോ എന്ന പ്രതിപക്ഷത്തിന്‍റെ നിരന്തരമായ ചോദ്യം പോലീസിനും ആഭ്യന്തരവകുപ്പിനും തലവേദനയായി. നിയമസഭയിൽ അടിയന്തരപ്രമേയമായും പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ലോക്കല്‍ പോലീസിന്‍റെ അന്വേഷണങ്ങളെല്ലാം വഴിമുട്ടിയതോടെ സെപ്റ്റംബർ 23 ന് എകെജി സെന്‍റർ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. എന്നാൽ കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് ഇത്ര ദിവസമായിട്ടും പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചതായി വിവരമില്ല. എന്തായാലും എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായി 50 ദിവസം പിന്നിടുമ്പോഴും യഥാർത്ഥ പ്രതി ഇപ്പോഴും ഇരുട്ടില്‍ തന്നെ തുടരുന്നു. ‘കിട്ടിയോ’ എന്ന ചോദ്യം ബോംബ് പോലെ എകെജി സെന്‍ററിന് മുകളിലും നില്‍ക്കുന്നു.