പൊലീസ് സർക്കാരിനെ നാണം കെടുത്തുന്നു; സിപിഎം ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം

Jaihind Webdesk
Tuesday, December 7, 2021

 

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ഏരിയാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്  വിമർശനം. പൊലീസ് സേന സര്‍ക്കാരിനെ നിരന്തരം നാണം കെടുത്തുന്നുവെന്ന് സമ്മേളനത്തില്‍ ആക്ഷേപമുയർന്നു. തൈക്കാട് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് ആഭ്യന്തരവകുപ്പിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സർക്കാരിനെ നാണം കെടുത്തുന്ന നിലയാണെന്നായിരുന്നു പ്രതിനിധികളിൽ നിന്നും ഉയർന്ന വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. മന്ത്രിമാരുടെ ഓഫീസിൽ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിർത്തിയത് എന്തിനാണെന്നും ചോദ്യം ഉയർന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്‍റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ മറുപടി.  സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ മുതിർന്ന നേതാവ് എം വിജയകുമാറാണ് വിമർശനങ്ങൾക്ക് മറുപടി നൽകിയത്.

തുടർച്ചയായി പൊലീസ് പ്രതിക്കൂട്ടിൽ ആയതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. സർക്കാരിന്‍റെ ജനകീയ പ്രതിച്ഛായതന്നെ നഷ്ടപ്പെടുത്തും വിധത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ ആകുന്നത് ഘടകകഷികളിൽപ്പോലും അതൃപ്തി പരത്തുകയാണ്. ഇതിനിടെയാണ് സിപിഎം ഏരിയാ സമ്മേളനത്തിൽ തന്നെ വിഷയം ചർച്ചയായത്.

ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പിങ്ക് പൊലീസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവം, പീഡന കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരിയെയും അമ്മയെയും വിട്ടുകൊടുത്ത ക്രൂരത, കൊല്ലം തെൻമലയിൽ പരാതി നൽകാനെത്തിയ ദളിത് യുവാവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനിൽ കെട്ടിയിട്ട സംഭവം, മൊഫിയയുടെ ആത്മഹത്യ, മോൻസൻ മാവുങ്കല്‍ കേസ്, ദത്ത് വിവാദം തുടങ്ങി നിരവധി കേസുകള്‍ പൊലീസിന്‍റെ മുഖം നഷ്ടമാകുന്ന സാഹചര്യമുണ്ടായി. സംസ്ഥാനത്ത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ 744 പേർ ക്രമിനൽ കേസിൽ പ്രതികളാണ് എന്ന വിവരവും ഇതിനിടെ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ നേരിട്ട് കൈകാര്യം ആഭ്യന്തരവകുപ്പിന്‍റെ അനാസ്ഥ പാർട്ടിക്കുള്ളിലും വിമർശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.