നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് പൊലീസിന്‍റെ ഒത്താശ; കെ എസ് യു

Jaihind Webdesk
Monday, July 3, 2023

കൊല്ലം: നീറ്റ് പരീക്ഷ ഫലത്തിൽ കൃത്രിമം കാട്ടി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ഡിവൈഎഫ്ഐ പ്രവർത്തകന് പൊലീസ് ഒത്താശ ചെയ്തെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദുകൃഷ്ണൻ എം ജെ. വിദ്യാർത്ഥികളെ വഞ്ചിതരാക്കുന്നതിനോടൊപ്പം നിയമവ്യവസ്ഥിതിയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ ഹൈക്കോടതിയെ പോലും കബളിപ്പിക്കുവാൻ തയ്യാറാകുന്ന ആത്മവിശ്വാസം ഉടലെടുക്കുന്നത് ഇത്തരക്കാർക്ക് സർക്കാർ സംവിധാനങ്ങൾ നൽകുന്ന സംരക്ഷണത്തിന്‍റെ ഭാഗമാണ്.
പ്രതിയെ സംരക്ഷിച്ചതിന് പിന്നിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ സിപിഎമ്മിന്റെ കാൽച്ചുവട്ടിലിട്ട് ചവിട്ടി മെതിക്കുവാൻ കെഎസ്‌യു അനുവദിക്കില്ലെന്നും പ്രതി രക്ഷപ്പെടുന്ന സാഹചര്യമുണ്ടായാൽ ശക്തമായ പ്രക്ഷോഭം ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 – 22 വര്‍ഷത്തിലെ നീറ്റ് പരീക്ഷയില്‍ 16 മാര്‍ക്ക് ലഭിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ 468 മാര്‍ക്ക് ആക്കി വ്യാജ രേഖ നിര്‍മ്മിച്ചതിന് ഇന്നാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സ്വദേശി സെമിഖാന്‍ (21) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ബാലസംഘം കടയ്ക്കല്‍ കോ-ഓര്‍ഡിനേറ്ററുമായിരുന്നു സെമിഖാന്‍. ഇയാളെ രക്ഷപ്പെടാന്‍ പോലീസും ഉന്നതരും ശ്രമിച്ചെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു.