വെഞ്ഞാറമൂട് കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കുറ്റപത്രം ; രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം ആരോപണം പൊളിഞ്ഞു

 

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ് കുറ്റപത്രം. കുറ്റപത്രം ഈയാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. കൊലപാതകം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകപോക്കലായിരുന്നുവെന്ന് തെളിഞ്ഞതോടെ രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം ആരോപണം പൊളിഞ്ഞു.

ഒക്ടോബർ 30നാണ് വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഹഖ് മുഹമ്മദിനെയും മിഥിരാജിനെയും സംഘം ചേര്‍ന്ന്  വെട്ടിക്കൊലപ്പെടുത്തിയത്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു സിപിഎം ആരോപണം. ഇരു സംഘങ്ങളും മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടും കേസ് അന്വേഷണം വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങളുമുണ്ടായി.

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കൊലപാതകം രാഷ്ട്രീയ ആുധമാക്കാന്‍ സിപിഎം വ്യാജപ്രചാരണങ്ങള്‍ അഴിച്ച് വിട്ടതോടെ സംസ്ഥാനത്തുടനീളം 168 കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കപ്പെട്ടു. കൊലപാതകം നടന്ന് 50 ദിവസങ്ങള്‍ പിന്നിട്ട് പൊലീസ് കുറ്റപത്രം തയ്യാറായതോടെ രാഷ്ട്രീയ കെലാപാതകമെന്ന സിപിഎം ആരോപണം വ്യാജമായിരുന്നു എന്ന് തെളിയുകയാണ്. കുറ്റപത്രത്തില്‍ ഒരിടത്തും ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും പ്രതിയല്ല എന്നാണ് സൂചന.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പി കേന്ദ്ര ആഭ്യന്ത്ര മന്ത്രിക്ക് നേരിട്ട് കത്ത് കൊടുക്കുകയും ലോക്സഭയിലടക്കം ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് നേരത്തെ രാഷ്ട്രീയ കൊലപാതകം എന്ന് ആരോപിച്ച പൊലീസിന് തന്നെ കൊലപാതകം വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കേണ്ടിവന്നത്. കുറ്റപത്രം ഈയാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാകും. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് സമർപ്പിക്കും.

അതേസമയം വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച് സംസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകര്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലി തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. പ്രതികളുടെ ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നിട്ടും എഫ്‌ഐആര്‍ ഇടാനോ പ്രതികളെ പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല.

Comments (0)
Add Comment