മുബൈയില്‍ ഏഴ് കോടി രൂപയുടെ കള്ളനോട്ട് പൊലീസ് പിടികൂടി ; ഏഴ് പേർ റിമാന്‍ഡില്‍

Jaihind Webdesk
Thursday, January 27, 2022

മുംബൈ നഗരത്തില്‍ വന്‍കള്ളനോട്ട്  വേട്ട. ഏഴുകോടി രൂപയുടെ കള്ളനോട്ടാണ് മുംബൈ പൊലീസ് പിടികൂടിയത്. കേസില്‍ അന്തഃസംസ്ഥാന കള്ളനോട്ട് സംഘത്തിലുള്ള ഏഴ് പേർ പിടിയിലായി

മുംബൈയിലെ ദഹിസാര്‍ ചെക്‌പോസ്റ്റില്‍ നിന്നാണ് ആദ്യം പൊലീസ് കള്ളനോട്ട് കണ്ടെത്തിയത്. അഞ്ചുകോടി രൂപയുടെ കളളനോട്ടുകളാണ് ഒരുബാഗില്‍ സൂക്ഷിച്ചനിലയില്‍ കാറില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ 11-ാം യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍.

രണ്ടായിരം രൂപയുടെ കറന്‍സികള്‍ 250 കെട്ടുകളായാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയുമായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തേത്തുടർന്ന്  അന്ധേരിയിലെ ഒരു ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ കള്ളനോട്ടുകളും  സംഘത്തിലെ മറ്റുമൂന്ന് പേരെയും പൊലീസ് പിടികൂടി.

കള്ളനോട്ടുകള്‍ക്ക് പുറമേ 28,170 രൂപയുടെ യഥാര്‍ഥ നോട്ടുകളും ലാപ്‌ടോപ്പ്, ഏഴ് മൊബൈല്‍ ഫോണുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ തുടങ്ങിയവയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജനുവരി 31 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.