വീണ്ടും കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ച് പോലീസ്: അടൂർ പോലീസ് സ്റ്റേഷന്‍ മാർച്ചില്‍ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്

 

പത്തനംതിട്ട: കെഎസ്‌യു പ്രതിഷേധ മാർച്ചിനെതിരെ വീണ്ടും പോലീസ് നരനായാട്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ അടൂർ പോലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിന് നേരെയാണ് വീണ്ടും പോലീസിന്‍റെ അതിക്രമം. പോലീസ് ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ഡിവൈഎസ്പി ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നടന്ന ഉന്തും തള്ളും ലാത്തിച്ചാർജിൽ കലാശിച്ചു. ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന നേതാവ് ഫെന്നി നയ്നാൻ, ബിനിൽ ബിനു ദാനിയേൽ, വൈഷ്ണവ് രാജീവ് ലിനറ്റ് മെറിൻ എബ്രഹാം എന്നിവർക്ക് പരിക്കേറ്റു. ലാത്തിച്ചാർജ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് സ്റ്റേഷന് മുന്നിൽ കെഎസ്‌യു പ്രവർത്തകർ സിപിഎം പോലീസ് സ്റ്റേഷൻ എന്ന പോസ്റ്ററും പതിച്ചു. പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരെ ആന്‍റോ ആന്‍ണി എംപി, കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ തോപ്പിൽ ഗോപകുമാർ തുടങ്ങിയവർ സന്ദർശിച്ചു.

തിരുവനന്തപുരത്ത് നടന്ന ലാത്തിച്ചാർജിലും അടുരിൽ നടന്ന ലാത്തിചാrജിലും പുരുഷ പോലീസുകാരാണ് മർദ്ദിച്ചതെന്ന് ആന്‍റോ ആന്‍റണി എംപി ആരോപിച്ചു. നിലവിൽ പോലീസുകാർ ദുശാസനൻമാരെപ്പോലെ പെൺകുട്ടികളുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പുരോഗമിക്കുകയാണ്. അതിനിടെയാണ് വീണ്ടും പോലീസ് മർദ്ദനം അഴിച്ചുവിട്ടത്. സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെ പോലീസ് കിരാതമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Comments (0)
Add Comment