എംപിമാര്‍ക്കെതിരായ പോലീസ് അതിക്രമം, അഗ്നിപഥ്; കോണ്‍ഗ്രസ് നേതൃസംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെയും എംപിമാർക്കെതിരെ ഡൽഹിയിൽ നടന്ന പോലീസ് അതിക്രമങ്ങൾക്കെതിരെയും കോൺഗ്രസ് നേതൃസംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിന് നിവേദനം നൽകി.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പി ചിദംബരം, ജയറാം രമേശ്, അധീർ രഞ്ജൻ ചൗധരി, മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബാഘൽ എന്നിവരുൾപ്പെടുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയത്.

ബിജെപിയുടെ പ്രതികാര രാഷ്ട്രീയം ചൂണ്ടിക്കാട്ടിയും അഗ്നിപഥ് വിഷയത്തിലും സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ വ്യാപക അതിക്രമമാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കയ്യേറ്റവും അക്രമവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃസംഘം രാഷ്ട്ടപതിയെ കണ്ടത്. അതേസമയം എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Comments (0)
Add Comment