രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമം ഭരണകൂട ഭീകരത: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, October 1, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം:  ഉത്തര്‍പ്രദേശിലെ ഹത്രാസ് പീഡനം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന് നാണക്കേടാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബി.ജെ.പി അധികാരത്തിലെത്തിയത് മുതല്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഉള്ള അതിക്രമം തുടരുകയാണ്. ദളിത് വിഭാഗങ്ങള്‍ക്കെതിരായ ബി.ജെ.പിയുടെ സമീപനം തെളിയിക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഹത്രാസ് സംഭവം.

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം തെളിവുകള്‍ നശിപ്പിച്ചു. ഇപ്പോള്‍ പീഡനം നടന്നില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരായ യു.പി പൊലീസിന്‍റെ അതിക്രമം ഭരണകൂട ഭീകരതയാണ്. ഇത് അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാനാവില്ല. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെ.പി.സി.സിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.