കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ് മാവുങ്കലിനെതിരെ പോക്സോ കേസ്. 2019 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വസതിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് മോൻസനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2019 ൽ തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കൊച്ചി കലൂരിലെ മ്യൂസിയമാക്കി ഉപയോഗിച്ച വീട്ടില്‍ വെച്ച് മോൻസൻ ബാലാത്സംഗം ചെയ്തെന്നാണ് കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത് കലൂരിലെ വീടിനുപുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്.പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
മോൻസന്റെ മ്യൂസിയമാക്കി ഉപയോഗിച്ച വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളെയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇവർ പരാതി നൽകിയത്. നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറി. പരാതിയിൽ മോൻസനുമായി അടുപ്പമുള്ള ചില വ്യക്തികളുടെ പേരുമുണ്ടന്നാണ് വിവരം.നേരത്തെ രജിസ്റ്റർ ചെയ്തിരിക്കുന്ന അഞ്ച് കേസുകൾക്ക് പുറമെയാണ് ഇപ്പോൾ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം എറണാകുളം സ്വദേശിനിയായ യുവതി മോന്സന് തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ചേര്‍ത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിന്ന് പിന്മാറാന് പത്ത് ലക്ഷം രൂപ മോന്സന് വാഗ്ദാനം ചെയ്തു എന്നായിരുന്നു പരാതി. ബലാത്സംഗ കേസിലെ പ്രതിയെ രക്ഷിക്കാന്‍ മോന്സന് മാവുങ്കല്‍ പൊലീസ് സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.