മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ ബിറ്റ് കോയിന്‍ ഇന്ത്യയില്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്

Jaihind Webdesk
Sunday, December 12, 2021

 

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. പിഎം നരേന്ദ്ര മോദി എന്ന പേരിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. തുടർന്ന് ബിറ്റ് കോയിൻ ഇന്ത്യയിൽ നിയമവിധേയമാക്കിയെന്ന ട്വീറ്റ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. വിവരം ട്വിറ്ററിനെ അറിയിക്കുകയും ട്വീറ്റ് നീക്കി ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് എന്ന ആളാണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും. ഇതിനു മുമ്പ് 2020 സെപ്റ്റംബറില്‍ മോദിയുടെ സ്വകാര്യ വെബ്സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഹാക്കര്‍ പോസ്റ്റ് ചെയ്തിരുന്നത്.