തെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടർ പട്ടിക നീക്കവുമായി കേന്ദ്ര സർക്കാർ

 

ന്യൂഡൽഹി : ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍പ്പട്ടിക എന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ആശയം യാഥാർഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് തേടും. ഇത് നടപ്പിലായാല്‍ ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരു വോട്ടർപട്ടികയാകും.

വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒരു വോട്ടര്‍ പട്ടികയെന്ന ആശയത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് ആദ്യ വാരം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 13ന് ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 K, 243 Z എന്നിവ ഭേദഗതി ചെയ്ത് രാജ്യത്തിനാകെ ഒറ്റ ഇലക്ടറല്‍ റോള്‍ തയാറാക്കുക, സംസ്ഥാന സര്‍ക്കാരുകളോട് സംസ്ഥാന നിയമങ്ങള്‍ ലഘൂകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍പട്ടിക തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുക എന്നിവയായിരുന്നു യോഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയാണ് ഉപയോഗിച്ചുവരുന്നത്. നിലവില്‍ കേരളമടക്കം 7 സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. കേരളം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സ്വന്തമായി വോട്ടര്‍പ്പട്ടികയുള്ളത്.

ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകൾ നടത്തണമെന്നത്. ഇതിന്‍റെ ഭാഗമായാണ് ഒറ്റ വോട്ടര്‍ പട്ടിക നിർദേശവുമായി കേന്ദ്രസർക്കാർ എത്തുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment