അദാനി ഗ്രൂപ്പിന്‍റേത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; പ്രധാനമന്ത്രി പ്രതികരിച്ചേ മതിയാകൂ: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, August 31, 2023

 

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്‍റേത് ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അധികാരമേറ്റത് മുതൽ പ്രധാനമന്ത്രിയുടെ ഏക അജണ്ട സുഹൃത്തിനെ സമ്പന്നമാക്കുക മാത്രമായിരുന്നെന്നും, അദാനി വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചേ മതിയാകൂ എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി മെഗാ കുംഭകോണം. അധികാരമേറ്റതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജണ്ട തന്‍റെ ഉറ്റ സുഹൃത്തിനെ കൂടുതല്‍ സമ്പന്നനാക്കുക എന്നതായിരുന്നു. മോദി സർക്കാരും സെബിയും (SEBI) സംശയാസ്പദമായ സാഹചര്യത്തിലുള്ള വിദേശ വ്യക്തികൾക്ക് ഇന്ത്യന്‍ ഓഹരി നിയന്ത്രിക്കാന്‍ സൗകര്യമൊരുക്കി. മൗറീഷ്യസിൽ നിന്നുള്ള ഓപ്പറേഷനിലൂടെ അദാനിയുടെ 13% ഓഹരികൾ നിയന്ത്രിച്ച ചാങ് ചുങ്-ലിങ്ങും നാസർ അലി ഷഭാനും ആരാണെന്ന് കെ.സി. വേണുഗോപാല്‍ എംപി ചോദിച്ചു. പ്രധാനമന്ത്രി മോദിയുടെ ഉറ്റ സുഹൃത്ത് അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് നടത്തുന്നുണ്ടെന്ന് വ്യക്തമാണ്. കമ്മിറ്റികൾക്കും ബ്യൂറോക്രാറ്റിക് റിപ്പോർട്ടുകൾക്കും പിന്നിൽ ഇനി പ്രധാനമന്ത്രി ഒളിക്കാൻ കഴിയില്ലെന്നും മോദി മറുപടി പറയണമെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) ഹാന്‍ഡിലില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.