ഒലാന്‍ഡെ പറയുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനെന്ന്; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധി

റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. റഫേല്‍ ഇടപാടില്‍ വന്‍ അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.

റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് മോദി സര്‍ക്കാര്‍ തന്നെ ആയിരുന്നു എന്ന നിര്‍ണായക വെളിപ്പെടുത്തലാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നടത്തിയത്. റഫേലിലെ മോദി സര്‍ക്കാരിന്‍റെ അവിശുദ്ധ ഇടപെടലുകള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍.

റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസോ, അംബാനിയുടെ റിലയന്‍സ് ഡിഫന്‍സുമായി കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ അവകാശവാദം.

ഒലാന്‍ഡ് തന്‍റെ പ്രസ്താവനയിലൂടെ പറഞ്ഞിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ്. നരേന്ദ്ര മോദി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ തയാറാകണമെന്നും രാഹുല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളം പറയുകയാണ് എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി   മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/1051931258299961/

നേരത്തേ ട്വിറ്ററിലൂടെയും അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോദി റഫേല്‍ കരാര്‍ സൌകര്യപൂര്‍വം പുതുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോ ഒലാന്‍ഡെയ്ക്ക് നന്ദി പറഞ്ഞ രാഹുല്‍, കടക്കെണിയിലായ അനില്‍ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണ് മോദി കരാറില്‍ അഴിച്ചുപണി നടത്തിയതെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചതായും സൈനികരുടെ രക്തത്തോട് അനാദരവ് കാട്ടിയതായും രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച റഫേല്‍ കരാറില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ മാറ്റിക്കൊണ്ടാണ് മോദി സര്‍ക്കാർ ഫ്രാന്‍സുമായുള്ള കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത്. പ്രതിരോധ നിര്‍മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്.എ.എല്ലിനെ മാറ്റിയാണ് കരാറിന് തൊട്ടു മുമ്പ് രൂപീകൃതമായ, കോടിക്കണക്കിന് കടബാധ്യതയുള്ള അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയത്.

യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ 2016-ല്‍ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന കോണ്‍ഗ്രസിന്‍റെ വാദം ശരിവെക്കുന്നതാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തലുകള്‍.

rafale dealFrançois Hollanderahul gandhi
Comments (0)
Add Comment