സോണിയാ ഗാന്ധിയെ വേട്ടയാടാനായി അധികാരത്തിന്‍റെ നെറികെട്ട തന്ത്രവുമായി മോദി

B.S. Shiju
Thursday, December 6, 2018

Modi-Sonia

റഫാല്‍ അഴിമതി ആരോപണത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയെ വേട്ടയാടാനായി അധികാരത്തിന്‍റെ നെറികെട്ട തന്ത്രവുമായി മുന്നോട്ടുപോവുകയാണ്. ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ത്യയിലെത്തിക്കുന്നതിന് മുമ്പായിരുന്നു അഗസ്തവെസ്റ്റ്ലാന്‍ഡ് ഇടപാടിനെക്കുറിച്ച് മോദിയുടെ പ്രതികരണം.

“അയാള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പോകുന്നു. വംശവാഴ്ചയുടെ കുടുംബം ഒന്നടങ്കം വിറയ്ക്കുകയാണ്. ആയിരക്കണക്കിന് കോടികളുടെ കാര്യമാണ്. ഏത് പേരുകളാണ് പുറത്തുപറയുകയെന്ന് ഒരു നിശ്ചയവുമില്ല. അവര്‍ വിറളി പിടിച്ചിരിക്കുകയാണ്” എന്നൊക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതട്ട്. ക്രിസ്റ്റ്യന്‍ മിഷേല്‍ പറയാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് എങ്ങനെ മോദി മുന്‍കൂട്ടി പ്രവചിച്ചു എന്നതാണ് ചോദ്യം. ഇത്രയും കാര്യങ്ങള്‍ വ്യക്തമാക്കുന്ന നരേന്ദ്രമോദി ഇന്ത്യയെ പിടിച്ചുകുലുക്കിയ റഫാല്‍ ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്.

30,000 കോടി രൂപ നഷ്ടം വരുത്തിയ റഫാൽ ഇടപാടിനെക്കുറിച്ചും അതിലെ വന്‍ അഴിമതികളെക്കുറിച്ചും മോദിക്ക് നേരിട്ടുള്ള പങ്കിനെക്കുറിച്ചും ഇന്ത്യന്‍ ജനതയ്ക്ക് വ്യക്തമായതാണ്. ഇതിനെ പ്രതിരോധിക്കാനാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ നിഴലത്തുനിര്‍ത്തി സി.ബി.ഐയിലൂടെ കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെയും കോര്‍പറേറ്റ് ചാനലുകളിലൂടെയും ക്രിസ്റ്റ്യന്‍ മിഷേല്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു നരേന്ദ്രമോദിയുടെ കുടിലനീക്കം. ഇതിനായി സി.ബി.ഐയിലെ വിവാദനായകന്മാരായ ചില ഓഫീസറന്മാരെയാണ് മോദി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെതന്നെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സോണിയാഗാന്ധിയുടെ പേര് പരാമര്‍ശിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു എന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം 3,600 കോടി രൂപയുടെ നടക്കാതെ പോയ ഇടപാടില്‍ ആര്‍ക്കൊക്കെയാണ് 300 കോടി രൂപ കോഴപ്പണം നല്‍കിയതെന്ന് മോദി നേരിട്ട് ഭരിക്കുന്ന സി.ബി.ഐക്ക് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും കടുത്ത വിഷമവൃത്തത്തിലാണ്. ഇതിനെ നേരിടാനാണ് ക്രിസ്റ്റ്യന്‍ മിഷേലിനെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ച് ആ കച്ചിത്തുരുമ്പില്‍‌ പിടിച്ചുകയറുക എന്ന തന്ത്രം പയറ്റാനാണ് മോദി ശ്രമിക്കുന്നത്.

സോണിയാ ഗാന്ധിക്കെതിരെ വ്യാജകുറ്റസമ്മതമൊഴി നല്‍കാന്‍ മിഷേലിനുമേല്‍ സി.ബി.ഐ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളുടെ പ്രതിഛായ തകര്‍ക്കാന്‍ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനെയും മോദിയും ബി.ജെ.പിയും ദുരുപയോഗം ചെയ്യുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറേനാളുകളായി കണ്ടുവരുന്നത്. മോദിയുടെ കുടിലതന്ത്രം വിജയിക്കുമോ എന്നത് കാത്തിരുന്നുകാണാം.