റഫേല്‍: മോദി മാത്രം നടത്തിയ ഇടപാട്; പ്രതിരോധമന്ത്രിയില്‍ നിന്നും മറച്ചുവെച്ചു -രാഹുല്‍ഗാന്ധി

Jaihind Webdesk
Wednesday, January 30, 2019

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹി ടല്‍കടോറ സ്‌റ്റേഡിയത്തില്‍ നടന്ന യൂത്ത് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ഗാന്ധി. ‘ഞാന്‍ മൂന്ന് ബി.ജെ.പി എം.പിമാരെ കണ്ടിരുന്നു. അവര്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ്’ രാഹുല്‍ഗാന്ധി പറഞ്ഞു.

മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറില്‍ നിന്ന് റഫേല്‍ ഇടപാടുകളിലെ മാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി മറച്ചുവെച്ചുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കഴിഞ്ഞദിവസം പരിക്കറുമായി രാഹുല്‍ഗാന്ധി നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. റഫേലിലെ അഴിമതിയെക്കുറിച്ച് കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അവിടേം ഇവിടേം നോക്കുന്നതല്ലാതെ നേരിട്ട് ഒരു മറുപടി തരാന്‍ തയ്യാറായിട്ടില്ല – രാഹുല്‍ഗാന്ധി പറഞ്ഞു.

‘റഫേലിലെ സത്യങ്ങള്‍ പുറത്തുവരികയാണ് മോദി സര്‍ക്കാരിന് അധികകാലം ഇത് ഇനി മറച്ചുവെയ്ക്കാന്‍ സാധിക്കുകയില്ല. യു.പി.എ സര്‍ക്കാര്‍ വര്‍ഷങ്ങളോളം നടത്തിയ ചര്‍ച്ചകളെ മറികടന്നാണ് മോദി റഫേല്‍ കരാറില്‍ ഇടപെട്ടത്. അനില്‍ അംബാനിക്ക് ലാഭമുണ്ടാക്കാനായിരുന്നു മോദിയുടെ ഇടപെടല്‍’ രാഹുല്‍ഗാന്ധി പറഞ്ഞു.