15പേര്‍ ഖനിയില്‍ പ്രാണവായുവിനുവേണ്ടി കേഴുമ്പോള്‍ മോദി പാലത്തില്‍കയറി ഫോട്ടോക്ക് പോസ് ചെയ്യുന്നു; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി: മേഘാലയില്‍ ഖനി അപകടത്തില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോകള്‍ക്ക് പോസ് ചെയ്തു നടക്കുകയാണെന്ന് വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെയാണ് ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തുവന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ പ്രഷര്‍ പമ്പുകളും ഉപകരണങ്ങളും എത്തിക്കാന്‍ മടിക്കുന്നതിനെത്തുടര്‍ന്നാണ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 പേരുടെ മോചനം നീളുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ജീവനെക്കുറിച്ചോപോലും പുറംലോകത്തിന് അറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍. 370 അടിത്താഴ്ച്ചയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ 13നാണ് അപകടം നടന്നത്.

അതേസമയം കഴിഞ്ഞദിവസം ഉദ്ഘാടനം നിര്‍വ്വഹിച്ച ബോഗിബീല്‍ പാലത്തിന്റെ മുകളില്‍ കയറി നരേന്ദ്രമോദി ആളില്ലാത്ത ദിശയില്‍ നോക്കി കൈവീശുന്നതായും അഭിനയിക്കുന്നതായുമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇങ്ങനെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാനും കപടനാടകം കളിക്കാനുമല്ലാതെ പ്രധാനമന്ത്രിക്ക് ആകില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം വന്നതോടെ ശക്തമായ നടപടികള്‍ പ്രതീക്ഷിക്കുകയാണ് മേഘാലയിലെ ജനങ്ങള്‍.

Comments (1)
Add Comment